Friday, December 23, 2016

നീയെങ്ങു പോയി ...

നിനവിലൊരായിരം കനവുമായ് ഞാനെത്തി,
എന്‍ പ്രീയ കാമുകി നീയെങ്ങു പോയി ...
നിന്നെത്തിരഞ്ഞെന്‍റെ കണ്ണിലിരുള്‍ കേറി
ഒന്നും പറയാതെ നീയെങ്ങു പോയി ...

കാത്ത് സൂക്ഷിച്ചോരാ സ്വപ്നങ്ങളെങ്ങു പോയ്‌
കാത്തിരിക്കാമെന്ന നിന്‍ വാക്കിതെങ്ങു പോയ്‌
കാതില്‍ ചിലക്കുന്ന നിന്‍ സ്വനമെങ്ങു പോയ്‌
ഞാന്‍ കണ്ണിലിരുള്‍ കേറി നില്‍ക്കയാണിപ്പോഴും..

പാതിയില്‍ നിര്‍ത്തിയ കനവുണ്ട് കയ്യില്‍
കനവിന് ചിറകായ് നീ അരികില്‍ വേണം
അറിയുക നീ സഖി നാം തീര്‍ത്ത കനവുകള്‍
വാനില്‍ പറക്കുവാന്‍ കാത്തിരിപ്പൂ ...

നീ നിന്ന ഇടമെവിടെ, കാണുവാനില്ലല്ലോ !!
നിന്‍ തോഴിയരുവിയുടെ ചിലമ്പലില്ലല്ലോ!!
വല്ലിയും, ചില്ലയും പൂവിട്ടു നിന്ന നിന്‍
പാവക മരതക ഉടയാട ആരെടുത്തു ?

പൂവിട്ട വല്ലിയില്‍ മധുരം നുണഞ്ഞവര്‍
ചില്ലയില്‍ തൂങ്ങും പഴങ്ങളടര്‍ത്തിയോര്‍
ഉള്ളിലൊളിപ്പിച്ച മധുരം തിരഞ്ഞവര്‍
പ്രീയേ നമ്മുടെ സ്നേഹിതരെങ്ങുപോയ്‌ ?

 നീ പോയ നേരത്ത് നിന്‍ ഓരത്ത് വന്നവര്‍
ഹൃദയം പൊടിഞ്ഞു കരഞ്ഞിരുന്നോ..?
പൂമലക്കുന്നേ നിന്നെക്കവര്‍ന്നവര്‍
ഹൃദയം കരിഞ്ഞവരായിരുന്നോ .?

അരുതെന്ന്‍ ചൊല്ലുവാന്‍ വന്നില്ലെയാരും
അലറി വിളിച്ചില്ലെ കണ്ടവരാരും
അവളെത്രപേര്‍ക്കിന്നലെ പൂമണമേകി
അത്രമേല്‍ സൌരഭ്യം എത്രപേര്‍ക്ക്...

കണീര്‍ വറ്റിയ രോദനമല്ലാതെ
പ്രീയേ നിനക്ക് ഞാനെന്ത് നല്‍കും.
കണ്ണടക്കില്ലിനി ഞാനൊരു നേരവും
മറ്റൊരു സഖിയേം കവരാതെ നോക്കും...
         
                                   *ബിബിന്‍ തമ്പി* 

Thursday, September 15, 2016

ഒന്നുകിൽ നമുക്കെന്തെങ്കിലുംചെയ്യാം അല്ലെങ്കിൽ.....

അവൻ കൊടും കുറ്റവാളി,
അവനെ തൂക്കി കൊല്ലണം.
നീതിന്യായത്തിനു വിട്ടിരിക്കുന്നു!
അക്ഷണം തട്ടണമായിരുന്നു.
ഇനി ഇങ്ങനത്തെ ഒന്നുണ്ടായാൽ
ഞാനപ്പോഴേ വെട്ടും, തട്ടും.
അവനെ ഇങ്ങു വിട്ടു തരൂ..
ഞാനൊന്നവനെ കൊല്ലട്ടെ...
വാചകം കൊണ്ട് തട്ടുന്നവർ
എന്ത് ചെയ്‌തിത്രയും നാളിൽ?
വീട്ടിൽ, കൂട്ടിൽ, നാട്ടിൽ ,കാട്ടിൽ?
കാത്തിരിപ്പല്ലാതെ മറ്റെന്ത്?
ഓരോന്ന് കഴിയുമ്പോൾ
മറ്റൊന്നിനായി കാത്തിരിപ്പാണ്
വാചകം കൊണ്ട് യുദ്ധം
ചെയ്യുന്ന നമ്മളാം പൊതുജനം.
എവിടെപ്പോയി നാട്ടിലെ
ജാഗ്രതാ സമിതികൾ ?
എന്ത് കൊണ്ടില്ലാ നാട്ടിൽ
പെൺ കൂട്ടങ്ങൾ ?
എന്തുകൊണ്ടില്ല തലമുറ
കൂട്ടങ്ങൾ പരസ്പരമറിയുവാൻ?
എന്തുകൊണ്ടില്ല വീട്ടിൽ
പൊതുചർച്ചകൾ വട്ടത്തിൽ?
ഒരാൾ മൊബൈലിലേക്ക്,
ഒരാൾ സീരിയലിലേക്ക്
മറ്റൊരാൾ മദ്യത്തിലേക്കും
ബാക്കിയുള്ളവർ മാനത്തേക്കും.
നമ്മളോർക്കുക കുറ്റവാളികൾ
ജനിക്കുന്നത് മറ്റൊരാളുടെ
കൂരയിൽ മാത്രമല്ലെന്ന്
നമ്മുടെ മാളികയിലുമായേക്കാം.
അവസാനമായി,
നമ്മങ്ങൾ എന്നും നമ്മളുടെ
വീട്ടിൽ പോകാറുണ്ടായിരിക്കാം
എന്നാൽ വീട് കാണാറുണ്ടോ?
കൂടാറുണ്ടെന്നാൽ കൂട്ടരെ
ശരിക്കുമറിയാറുണ്ടോ?
നാട്ടിലിറങ്ങാറുണ്ടെന്നാൽ
നാടിനെയറിയാറുണ്ടോ?
ഒന്നുകിൽ നമുക്കെന്തെങ്കിലും
ചെയ്യാം നമ്മൾക്കുവേണ്ടി,
അല്ലെങ്കിൽ നമുക്ക്
കാത്തിരിക്കാം അടുത്തതിനായി...

ദൈവം മരിച്ചു പോയി

ദൈവം; മത്സ്യത്തെയും
മൃഗത്തെയും, പറവയെയും
അവസാനം മനുഷ്യനെയും
സൃഷ്ടിച്ചുടനെ മരിച്ചു പോയി.
അന്ന് തുടങ്ങിയതാണ്
മനുഷ്യന്റെ, നിർത്താതെയുള്ള
ദൈവത്തെ സൃഷ്ടിക്കാനുള്ള
ഇനിയും കഴിയാത്ത ജോലി.

Monday, September 5, 2016

ഈ കണ്ണാടിയുടെ ഒരു കാര്യം!!


ഈ കണ്ണാടിയുടെ ഒരു കാര്യം!!

ഞാന്‍ ആദ്യം കണ്ണാടി കണ്ടു
പിന്നെ എന്‍ മുഖം കണ്ടു
വീണ്ടും നോക്കിയപ്പോള്‍
എന്‍ മുഖ ഭാവം കണ്ടു.

സൂക്ഷിച്ചു നോക്കിയപ്പോള്‍
ഭാവ കാരണം കണ്ടു.
സാധാരണ ഞാന്‍, പിന്നെയും,
പിന്നെയും നോക്കാറില്ല.

ഇനിയും സൂക്ഷിച്ച് നോക്കിയാല്‍
നമുക്ക് നമ്മെത്തന്നെ  മുഴുവനായും
പച്ചക്ക് കാണാമത്രെ!!

പച്ചക്ക് കാണുമ്പോള്‍ നാം
നമ്മുടെ അറിവില്ലായ്മകള്‍
മുഴുവനും അറിയുമത്രെ !!

അറിയാത്തത് അറിഞ്ഞാല്‍
അത് അറിയാന്‍ തോന്നുമത്രെ !!

ഈ കണ്ണാടിയുടെ ഒരു കാര്യം!!





Sunday, July 24, 2016

നോക്കൂ..... നമ്മെക്കാണാം

മുഖം നോക്കൂ, ചിരി കാണാം
ചിരിയെത്ര തരം കാണാം!
കണ്ണ് നോക്കൂ, കരച്ചിൽ കാണാം
കരച്ചിലെത്ര തരം കാണാം!
നോക്കു നമ്മൾ ചുറ്റിലാകെ
ചുറ്റിലെത്ര വേഷം കാണാം!
വേഷമെത്ര രീതി കാണാം!
എത്ര വർണ്ണം നമുക്ക് ചുറ്റും
കെട്ടിയാടി തിമിർത്തിടുന്നു!
എത്ര ഭാവം നമ്മെ നോക്കി!
എത്ര മട്ടിൽ നമ്മളോടി!...
നമ്മളോർക്കൂ, നമ്മളെപ്പോൽ
നമ്മൾപോലും ഇല്ല സത്യം!!

Tuesday, June 21, 2016

*സെൽഫി*

                 
കണ്ണാടി മുന്നിലന്നെത്ര നേരം
കണ്ണ് മിഴിച്ചങ്ങു നിന്നിരുന്നു.
തലമുടി പലവിധം ചീകി നോക്കി
ഭാവങ്ങളനവധി കാട്ടി നോക്കി
ചില നേര ഭാവങ്ങൾ അന്ന് നാളിൽ
ചിത്രത്തിലാക്കാൻ കൊതിച്ചിരുന്നു.
കണ്ണാടി ഒപ്പിയ "സെൽഫി" കളൊന്നും
അന്ന് കണ്ണാടി വിട്ടെങ്ങും പോയുമില്ല.
കോലങ്ങൾ മാറിയ കാലത്ത്, നേരത്ത്
കണ്ണാടിയൊപ്പിയ സെൽഫികളൊക്കെ
നാടുകൾ, കൂടുകൾ, കൂട്ടുകൾ വിട്ട്
ഗതിവേഗമല്ലോ പറന്നിടുന്നെ....

Tuesday, June 14, 2016

ഇനിയെങ്കിലും

ഇനിയെങ്കിലും.....
നമ്മള്‍ നമ്മളുടെ സഹോദരിമാര്‍ക്ക്
കായിക വിദ്യാഭ്യാസം ഉറപ്പാക്കുക....
ഇനിയെങ്കിലും.....
നമ്മള്‍ അടച്ചിട്ട മുറിയിലെ
ഒളിച്ചിരിക്കുന്നവരാകാതിരിക്കുക
ഇനിയെങ്കിലും....
അവശര്‍, ഇങ്ങോട്ട് വന്നില്ലെങ്കിലും
നമ്മള്‍ അങ്ങോട്ട്‌പോയി നോക്കുക
ഇനിയെങ്കിലും....
നമ്മുടെ കണ്ണുകളും, കാതുകളും,
മറ്റുള്ളവര്‍ക്കായി തുറന്ന്‍ വെക്കുക...
ഇനിയെങ്കിലും.....
പൊതു ഇടങ്ങളില്‍ വായനയും,
ചര്‍ച്ചകളുംനടക്കട്ടെ....
ഇനിയെങ്കിലും....
വിരല്‍തുമ്പിലെ തൊട്ടുകൂട്ടലിനപ്പുറം
പച്ചയായ കാഴ്ചയിലേക്ക്കണ്‍തുറക്കട്ടെ
ഇനിയെങ്കിലും...
"ഞാനെന്നത്" ഞാനും ഞാനിട്ടിരിക്കുന്ന
വസ്ത്രങ്ങളും മാത്രമല്ലെന്നറിയട്ടെ
ഇനിയെങ്കിലും....
നമ്മുടെ നാടുകളില്‍ സൗമ്യമാരും,
ജിഷമാരും ഉണ്ടാകാതിരിക്കട്ടെ....
നിറഞ്ഞ കണ്ണുകളോടെ,
അത്യന്തം രോഷത്തോടെ
ഒരു പെരുമ്പാവൂര്‍കാരന്‍
ബിബിന്‍ തമ്പി
''''''''''''''''''''''''''''''''''''''''

Saturday, June 4, 2016

വൃക്ഷ സമ്പത്തില്‍ മുന്നില്‍

വൃക്ഷ സമ്പത്തില്‍ മുന്നില്‍

Thursday Jun 2, 2016

മരങ്ങളുടെ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മുന്നില്‍. 2015ല്‍ പുറത്തിറങ്ങിയ 'ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട്' പ്രകാരം മരവ്യാപ്തത്തിലും കേരളം മുന്നിലാണുള്ളത്. വൃക്ഷാവരണത്തില്‍ വൃക്ഷം എത്ര പ്രദേശം ആവരണംചെയ്തിരിക്കുന്നു എന്നാണ് കണക്കാക്കുന്നതെങ്കില്‍ ഇവിടെ മരത്തിന്റെ തരം, വ്യാപ്തി, തടിയുടെ വലുപ്പം എന്നിവ അളന്ന് വ്യാപ്തമാണ് കണ്ടെത്തുന്നത്. ഇതിനെ ഗ്രോവിങ് സ്റ്റോക്ക് എന്നാണ് പറയുന്നത്. ഒരു പ്രദേശത്തെ മരസമ്പത്തും ജൈവൈവിധ്യവും മനസ്സിലാക്കുന്നതിന് ഈ അളവ് സഹായിക്കും. വനപരിപാലകരെയും ആസൂത്രകരെയും സംബന്ധിച്ചിടത്തോളം ഈ അറിവ് വളരെ പ്രധാനപ്പെട്ടതാണ്.
കേരളത്തിലെ വനാതിര്‍ത്തിക്കകത്ത് ഒരുചതുരശ്ര കിലോമീറ്ററിലുള്ള മരങ്ങളുടെ ഗ്രോവിങ് സ്റ്റോക്ക് 13705 ഘന മീറ്ററും, വനാതിര്‍ത്തിക്കു പുറത്തുള്ളത് 1781 ഘന മീറ്ററും ആണ്്. സംസ്ഥാനത്തിന്റെ ആകെ വിസ്തൃതി കണക്കാക്കിയാല്‍ ഇത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2925 ഘന മീറ്ററാണ്. ദേശീയതലത്തില്‍ വനാതിര്‍ത്തിക്കകത്ത് 5823 ഘനമീറ്ററും, വനാതിര്‍ത്തിക്കു പുറത്ത് 1089 ഘന മീറ്ററുമാണുള്ളത്. അതായത് വനാതിര്‍ത്തിക്ക് പുറത്തുമുള്ള ഗ്രോവിങ് സ്റ്റോക്ക് ദേശീയ അനുപാതത്തെക്കാള്‍ ഒന്നര ഇരട്ടിയും വനാതിര്‍ത്തിക്കകത്ത് ഇത് രണ്ടര ഇരട്ടിയുമാണ്  കേരളത്തില്‍. ആകെ ഭൂവിസ്തൃതി പരിശോധിക്കുമ്പോള്‍ കേരളത്തേക്കാള്‍ മികച്ച ഗ്രോവിങ് സ്റ്റോക്ക് ഉള്ളത് ഉത്തരാഖണ്ഡ് (8606 ഘന മീറ്റര്‍), ഹിമാചല്‍പ്രദേശ് (6082 ഘന മീറ്റര്‍), അരുണാചല്‍പ്രദേശ് (5997 ഘന മീറ്റര്‍) എന്നീ സംസ്ഥാനങ്ങളിലാണ്. വനാതിര്‍ത്തിക്കുള്ളിലുള്ള ഗ്രോവിങ് സ്റ്റോക്കിന്റെ അനുപാതം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വനാതിര്‍ത്തിക്കു പുറത്ത് കേരളത്തേക്കാള്‍ മുന്നില്‍ മിസോറം (3163 ഘന മീറ്റര്‍), അരുണാചല്‍പ്രദേശ് (2756 ഘനമീറ്റര്‍), മണിപ്പുര്‍ (2705 ഘനമീറ്റര്‍) എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഇതില്‍ മിസോറമിലെയും അരുണാചല്‍പ്രദേശിലെയും വനാതിര്‍ത്തിക്ക് പുറത്തുള്ള വൃക്ഷവ്യാപ്തം കേരളത്തിന്റേതിനെക്കാള്‍ ഒന്നര ഇരട്ടിയിലധികമാണ്.

 തയ്യാറാക്കിയത്:
ബിബിന്‍ തമ്പി
സെന്റര്‍ ഫോര്‍ സോഷ്യോ– ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി–24
Read more: http://www.deshabhimani.com/index.php/special/news-special-02-06-2016/565051

Monday, May 2, 2016

ഇന്നിന്‍ കിടാങ്ങളുടെ നാളേക്ക് വേണ്ടി...

















എന്തുകൊണ്ടില്ല നാം, എന്തുകൊണ്ടില്ല നാം
ഇന്നിന്നിടങ്ങളില്‍ എന്തുകൊണ്ടില്ല നാം

കണ്ടില്ല നമ്മളെ നാട്ടിലിടങ്ങളില്‍
കണ്ടില്ല നമ്മളെ ഭരണക്കസേരയില്‍  (എന്തുകൊണ്ടില്ല നാം...)

ആരും തരില്ലിത് നമ്മള്‍ക്ക് വെറുതെ
ആരും തരില്ലിത് ചുമ്മാതിരുന്നാല്‍

കണ്ടെത്തണം നാം നമ്മെ നമ്മളില്‍
കണ്ടെത്തണം നാം നമ്മെയിടങ്ങളില്‍  (എന്തുകൊണ്ടില്ല നാം...)

പോയിരുന്നോ നാം അറിവിന്‍റെ ശാലയില്‍ ??!!
പോയിരുന്നോ നാം വായനശാലയില്‍ ??!!

പോയിടാമിന്ന് വിജ്ഞാന ശാലയില്‍
നേടിടാമിന്നീ അറിവിന്‍റെ ആയുധം

അതുകൊണ്ട് പടവെട്ടി നമ്മള്‍ക്ക് നേടാം
ഇന്നിന്നിടങ്ങളെ, നാളേക്ക് വേണ്ടി ...
ഇന്നിന്‍ കിടാങ്ങളുടെ നാളേക്ക് വേണ്ടി...


ബിബിന്‍ തമ്പി 

Tuesday, March 22, 2016

ലോക ജല ദിനം 2016

ഒമ്പത് നദികളില്‍ ഓക്സിജന്‍ കുറവ്


2016ലെ ജലദിനത്തിന്റെ മുദ്രാവാക്യം 'മികച്ചജലം മികച്ച ജോലി' (Better Water and Better jobs) എന്നതാണ്.  
ശുദ്ധജല വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി ജലവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനുവരുന്ന തൊഴിലാളികളുടെ തൊഴില്‍സുരക്ഷയും ലക്ഷ്യമിടുന്നു. നമ്മുടെ ശുദ്ധജല സ്രോതസുകളില്‍ പ്രധാനമാണല്ലോ ഇവിടത്തെ നദികള്‍. അരുവികള്‍, നദികള്‍, കായലുകള്‍ എന്നിവയിലെ ജലത്തിന്റെ ഗുണനിവലാരം നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് അതില്‍ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ്. നാം ശ്വസിക്കുന്ന വായുവില്‍ പ്രാണവായു ഉണ്ടായിരിക്കേണ്ടതുപോലെ പ്രധാനമാണ് ജലജീവികള്‍ക്ക് അവര്‍ വസിക്കുന്ന വെള്ളത്തിലെ പ്രാണവായുവും. വെള്ളത്തിലെ 'ലയിച്ചിരിക്കുന്ന ഓക്സിജന്റെ കുറഞ്ഞ അളവ്' ജൈവപദാര്‍ഥങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തെ സൂചിപ്പിക്കുന്നു. അതുപോലെ ജലജീവികളുടെ ആവാസവ്യവസ്ഥ തകരാറിലാകുന്നുവെന്നതിന്റെ കാരണംകൂടിയാണ് ഇത്. പരമ്പരാഗതമായ പരിചരണം നടത്തിയും അണുവിമുക്തമാക്കിയും കുടിക്കാന്‍ ഉപയോഗിക്കുന്നതിനും മത്സ്യങ്ങളുടെ പ്രജനനത്തിനും ജലത്തില്‍ കുറഞ്ഞത് ലിറ്ററില്‍ 4 ഗ്രാമോ അതിലധികമോ ഓക്സിജന്‍ ലയിച്ചിട്ടുണ്ടാകണം.
കേരളത്തിലെ ഒമ്പതു നദികളില്‍ ജലത്തില്‍ ലയിച്ചിരിക്കുന്ന ഓക്സിജന്റെ (Dissolved Oxygen)  അളവ് വേണ്ടതിലും കുറഞ്ഞിരിക്കുന്നതായി കണ്ടെത്ത്ി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന 'ബേസിന്‍ വൈസ് വാട്ടര്‍ ക്വാളിറ്റി ഡാറ്റ– 2011'ല്‍ ആണ് ഈ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. കരമന, കല്ലായി, രാമപുരം, ചിത്രപ്പുഴ, കടമ്പ്രയാര്‍, പെരിയാര്‍, മഞ്ചേശ്വരം, പുഴക്കല്‍, തിരൂര്‍ എന്നീ നദികളിലാണ് ഓക്സിജന്റെ അളവ് വേണ്ടതിലും കുറഞ്ഞിരിക്കുന്നത്. ഈ നദികളിലെ, ലയിച്ചിരിക്കുന്ന ഓക്സിജന്റെ കുറഞ്ഞ അളവ് 4 മി.ഗ്രാം/ലിറ്ററിലും താഴെ രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ വലുതും ഇടത്തരം വരുന്നതുമായ പ്രധാനപ്പെട്ട നദികളില്‍നിന്നുമായി 975 ഇടങ്ങളില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 44 നദികള്‍ക്കു പുറമെ കടമ്പ്രയാര്‍, ചിത്രപ്പുഴ എന്നിവയുള്‍പ്പെടെ 46 നദികളിലാണ് പഠനം നടത്തിയിരിക്കുന്നത്.  മഹാരാഷ്ട്ര 30 നദികളെ മലിനീകരിക്കുന്നു. അതിനു പിന്നില്‍ ഒമ്പതു നദികളെ മലിനീകരിക്കുന്ന കേരളമാണ്. എട്ടു നദികളെ മലിനപ്പെടുത്തുന്ന രാജസ്ഥാനും ആറു നദികളെവീതം മലിനപ്പെടുത്തുന്ന പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, തമിഴ്നാട് എന്നിവയുമാണ് ജൈവപദാര്‍ഥങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കൂടുതലുള്ള സംസ്ഥാനങ്ങള്‍.
കേരളത്തിലെ നദികളില്‍ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍ നഗരങ്ങളില്‍നിന്ന് ഓടകളിലൂടെ മലിനജലം നിയന്ത്രണമില്ലാതെ എത്തിച്ചേരുന്നതും വ്യവസായശാലകളില്‍നിന്ന് സംസ്കരിക്കാതെ പുറന്തള്ളുന്ന മലിനജലവുമാണെന്നു കാണാം. ഇത് നിയന്ത്രണവിധേയമാക്കി പുഴകളെ സംരക്ഷിക്കേണ്ടത് മത്സ്യസമ്പത്തിന്റെയും ഈ മേഖലയില്‍ ജോലിയെടുക്കുന്നവരുടെയും പുഴകളുടെ തന്നെയും നിലനില്‍പ്പിന് അനിവാര്യമാണ്.
തയ്യാറാക്കിയത്:
ബിബിന്‍ തമ്പി 
സെന്റര്‍ ഫോര്‍ സോഷ്യോ– ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി–24 www.csesindia.org

Read more: http://www.deshabhimani.com/index.php/special/news-special-17-03-2016/546660   

Wednesday, February 10, 2016

ചെറിയവരൊക്കെ ചെറുതല്ല




കണ്ടാല്‍ ചെറിയൊരു കുഞ്ഞന്‍
അവനെ കാണാതിടമൊന്നില്ല
ഇത്തിരിയുള്ളവനേറ്റും ഭാരം
ഒത്തിരി വരുമത് കാണേണം !!
കുഞ്ഞവനെന്നാല്‍ തള്ളരുതെ
കടി കൊണ്ടാല്‍ തുള്ളിപ്പോയീടും
നമുക്ക് നമ്മുടെ ചുറ്റും നോക്കാം
കുഞ്ഞനുറുമ്പിന്‍ ലോകം കാണാം...
ചെറിയവരൊക്കെ ചെറുതല്ല
വലുതാണെന്നൊരു സത്യം കാണാം..

Tuesday, February 2, 2016

ഞാൻ തന്നെ നീ


ഞാന്‍ - തന്നെ - നീ

എനിക്ക് എന്നോടുള്ള
ബന്ധമാണ്
എനിക്ക് "ഞാന്‍".
ബാക്കി "ഞാന്‍"
മുഴുവന്‍ നിങ്ങളുടെ
"നീ" യാണ് ...