Thursday, June 29, 2017

പ്രകൃതിയിലേക്ക് പോകാം

പോകാം പോകാം മണ്ണ് കാണാൻ
മണ്ണിൽ വളരും ചെടി കാണാൻ
ചെടിയിൽ ചെടിയുടെ കീഴിൽ
പല പല ജീവിതമവിടെ കാണാൻ.  

 

ഇലയിലിരിക്കും പുഴുവൊരു നാളിൽ

പൂമ്പൊടിയുണ്ണും പൂമ്പാറ്റ.

പൂവിനു ചുറ്റും മണ്ടി നടക്കും

വണ്ടൊരു ഗായകനാണിവിടെ.

 

കുഴിയിലിരിക്കും കുഴിയാന

ചിറകു വിരിച്ചാൽ പൂത്തുമ്പി.

സൂക്ഷ്മം നോക്കുകിലറിയാമിവിടം

വലിയൊരു ബംഗ്ലാവാണെന്ന്.

 

ഉറുമ്പൊരു പടയായ് എത്തുന്നു

ചിലന്തികൾ വലയതു കെട്ടുന്നു

തക്കം പാർത്തവിടൊത്തിരി

ജീവികളങ്ങനെയിങ്ങനെ കൂടുന്നു.

 

ചെടിയിൽ വിരിയും പൂവിന് ചുറ്റും
പാറുന്നുണ്ടൊരു പൂങ്കുരുവി
പൂവ് കോഴിഞ്ഞു കായായ് പഴമായ്‌

പഴമത് തിന്നാനാരൊക്കെ?

 

പാഞ്ഞു നടക്കും വവ്വാലും,

പൂവാലുള്ളൊരു അണ്ണാനും

അങ്ങനെ പലരും പലവിധമെത്തി

വയറു നിറച്ചേ പോകുന്നു.

 

പോകാം പോകാം മണ്ണ് കാണാൻ

മണ്ണിൽ വളരും ചെടികാണാൻ

കായും, പഴവും തിന്നാനുള്ളിൽ  

മോഹമുദിക്കുന്നെണ്ടെന്നാൽ 

 

ഒന്നായ് ചേർന്നിട്ടൊരുമനമായി

മണ്ണിൽ പണിയത് ചെയ്യേണം

മണ്ണിനെയറിയാൻ പശിയത് മാറ്റാൻ

മണ്ണായ് മാറാൻ പോന്നോളൂ....

Friday, June 23, 2017

പള്ളിക്കൂട തിരു മുറ്റത്ത്


പള്ളിക്കൂട തിരു മുറ്റത്ത്
തുള്ളിച്ചാടി നടക്കും ഞങ്ങള്‍
ഉള്ളില്‍ വര്‍ണ്ണ ചിറകുള്ള
കുട്ടി കൂട്ടങ്ങള്‍

അടി പാടി പറയും കഥകള്‍
കൂട്ടു കൂടി കളിയാടും ഞങ്ങള്‍
ഈ ആലയ തിരു മുറ്റത്ത്
അറിവിന്‍റെ ചെപ്പ് തുറക്കും

മലയാളം എന്നമ്മ ...
മറുഭാഷകള്‍ മിത്രങ്ങള്‍
ഗണിതത്തിന്‍ സൂത്രങ്ങള്‍
ശാസ്ത്രത്തിന്‍ ജാലങ്ങള്‍

സാമൂഹ്യം നന്മക്കായ്
കളിചിരികള്‍ മേന്മക്കായ്
അറിവിന്‍റെ ചെപ്പു തുറന്നത്
നേരിന്‍റെ നേര്‍വഴി കാട്ടാൻ

മാനത്തെ കാര്‍മേഘം
ഈ ആലയ തിരു മുറ്റത്ത്
മഴയായി പൂ മഴയായി
അറിവിന്‍റെ തേന്മഴയായി

കാര്‍മേഘം മായുമ്പോള്‍
ആകാശം തെളിയും പോല്‍
അറിവിന്‍റെ പുതുമഴ കൊണ്ടീ
ചെറു മനവും തെളിയുന്നു...