Sunday, November 24, 2019

ഇനി ഒന്നുറങ്ങട്ടെ

ഞാൻ എന്റെ എല്ലാ കൂട്ടും വെട്ടി
അറിയില്ലല്ലോ അവരിലാരാണ്
രാജ്യ ദ്രോഹിയെന്ന്!

ഞാനെന്റെ കയ്യിലിരുന്ന പുസ്തകണങ്ങളെല്ലാം
വാരിവലിച്ച് തീയിട്ടു.
അറിയില്ലല്ലോ അതിലേതാണ്
അപകടകാരിയെന്ന്!

സയൻസ് പുസ്തകങ്ങൾ കത്തിക്കുമ്പോൾ ആരും
ഒന്നും പറഞ്ഞില്ല..

പുണ്യ ഗ്രന്ഥങ്ങൾ
കത്തിക്കേണ്ടതില്ലെന്ന്
എന്റെ കുറച്ച് ചങ്ങാതിമാർ.

അവർക്കറിയില്ലല്ലോ
എന്റെ കയ്യിലുള്ളവ
അവരുദ്ദേശിക്കുന്നതല്ലെന്ന്.

ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്
വൃണപ്പെടേണ്ടതില്ല- അതെന്നെ
പറ്റിക്കാൻ ആരോ തന്ന
വ്യാജ ഗ്രന്ഥനങ്ങളാണെന്ന്.

കാരണം അവർ പറയാറുള്ള വ്യാഖ്യാനങ്ങൾ ഒന്നും ഞാനതിൽ
കണ്ടിട്ടേ ഇല്ല..

വായിച്ച ഓർമ്മകളൊക്കെ മാച്ച് കളഞ്ഞ് ഞാൻ
സമാധാനത്തിൽ ഇരുന്നു.

എനിക്കറിയാം ദേവനും ദേവിക്കും ഒക്കെ
നിയമ സംരക്ഷണം ഉണ്ട്..

മനുഷ്യൻ ഞാൻ,
ഇനി ഒന്നുറങ്ങട്ടെ
വാതിലിൽ മുട്ട് കേൾക്കുമ്പോൾ
പേടിക്കാതെ ഉറങ്ങട്ടെ..

Monday, July 8, 2019

കണ്ണാടിയായത് വന്നു പൊന്തി...

താണ് താണ് മല ശൂന്യമായി
ഊറ്റിയൂറ്റി പുഴ താണ് പോയി
കളയേറി പ്രാണ വായു വറ്റി
പുഴയിലാ ചൂണ്ട നോക്കുകുത്തി

മല പോയി മരതകക്കാട് പോയി
കാട്ടിലെ പാട്ട് മാഞ്ഞുപോയി
കളകളം  തോടിതെങ്ങോ പോയി
കാട്ടു കുളിരുമൊഴിഞ്ഞു പോയി

പ്രളയമൊരെണ്ണം വന്നു പോയി
അന്നെനിക്കൊത്തിരി തന്നു പോയി
കൊടുങ്കാറ്റൊരെണ്ണം വന്നു പോയി
അന്ന് പലതുമെടുത്ത് പോയി

പിന്നെ വരൾച്ച വന്നു പോയി
കുടി നീരെടുത്ത് അന്നു പോയി
പലരോഗ പീഡകൾ വന്നു പോയി
പലരെയുമന്നത് കൊണ്ട് പോയി

കാതോർത്തിരിപ്പു കാലമായി
ഒരു കിളി പാട്ട് പൂതിയായി
കൺ നട്ടിരിപ്പൂ ദൂരെയായി
പുഴയൊന്ന് വേണം നേരെയായി

ആരെന്റെ ഭാഗ്യമെടുത്തു പോയി
ആരെന്റെ ചുറ്റും കലുഷമാക്കി
ആ പുഴ ചൂണ്ട വലിച്ചു നോക്കി
കണ്ണാടിയായത് വന്നു പൊന്തി.

Saturday, June 1, 2019

മണ്ണാണ് ഞാനിവിടെ


പൊള്ളുന്ന വെയിലിലൊരു തണുവാണ് മരമതിൻ കീഴെയിരിക്കാമവിടെ..

കാത്തിരുന്നെത്തുന്ന, മഴ തോരും നേരവും തോരാതെ പെയ്യുന്ന പൂമരത്തിൻ,

ചോട്ടിൽ വിരിച്ചൊരാ പൂമെത്ത വീതറുമീ പൂമണം കൊണ്ട്, കുളിരു കൊണ്ട്, 

ശാന്തം, ഒരു മാല കോർത്തെടുക്കാം, ഉഷസ്സിൽ പുതിയൊരു യാത്ര പോകാൻ. 


പൊള്ളുന്ന വെയിലിലൊരു തണുവാണ് മരമതിൻ കീഴെയിരിക്കാമവിടെ..

വേനൽ വിയർപ്പിലെൻ നീരുവറ്റുമ്പോൾ, ഇലപൊഴിച്ചാമരം കാവൽ നിലപ്പൂ..

ആയില കാവലു പകരുന്ന കുളിരിലൊരായിരം നാമ്പുകൾ കരുതി വെക്കാം   

ആ നാമ്പിൽ വിരിയും നാളെയൊരായിരം  ആശ്വാസ, സുന്ദര മന്ദഹാസം. 


പൊള്ളുന്ന ഭൂമിക്ക് പുതയാണ് മകളിവൾ പൂത്തുലഞ്ഞങ്ങനെ നിലപ്പൂ.. 

അവൾ, ഉഷ്ണമീ കാറ്റിനെ തഴുകി കുളിർ തെന്നലാക്കി തേജസ്സുയർത്തി. 

മുകുളങ്ങളതുകണ്ട് പൂത്തുലഞ്ഞു, മുകിലുകൾ അതുകണ്ട് മഴ ചൊരിഞ്ഞു, 

മണ്ണാണ് ഞാനിവിടെ മണ്ണിന്നു തുണയായി മരമുണ്ട്, മകളുണ്ട് ഉലകിൽ..


പൊള്ളുന്ന വെയിലിലൊരു തണുവാണ് മരമതിൻ കീഴെയിരിക്കാമവിടെ.