Friday, December 19, 2014

ചിലര്‍ മരമാക്കപ്പെട്ടവരാണ്



ചിലര്‍ മരമാണ്
വീണി ടത്ത് വളരും
പറിച്ചു നട്ടാല്‍ അവിടയും...
എവിടെയാണോ അവിടത്തിനോത്ത് ..
കിട്ടാത്തതില്‍ പരാതികളില്ലാതെ
കിട്ടുന്നത് മാത്രം കഴിക്കും ...
എന്നാലും, ..
ആവുന്നത്ര പൂക്കും, കായ്ക്കും, പഴുക്കും..
ഫലമേറുമ്പോള്‍ തലകുനിച്ച് നില്‍ക്കും
തണല്‍ നല്‍കി ആശ്വാസമേകും
വിശപ്പകറ്റാന്‍ ഫലം നല്‍കും ....
ആരും ചോദിക്കാതെ തന്നെ!
ചിലര്‍ മരം പോലെയാണ്
നിന്നിടത്ത്‌ നിന്ന്‍ സ്വയം -
അരയടി പോലും നീങ്ങില്ല..
ചിലര്‍ മരമാക്കപ്പെട്ടവരാണ്
അവര്‍ക്ക് സ്വയം അരയടി പോലും
നീങ്ങാന്‍ അനുവാദമില്ല !!
അവര്‍ തോട്ടക്കാരന് വേണ്ടി
പൂക്കുകയും കായ്ക്കുകയും
പഴുക്കുകയും ചെയ്യുന്ന
വെറും മരങ്ങളാണ്.......

Sunday, November 16, 2014

ഇടനിലക്കാരന്‍

ഇടനിലക്കാരന്‍ ......
പ്രണയം തോന്നിയപ്പോള്‍ ദൂതനായി,
ചിലത് സ്വന്തമാക്കാന്‍ കൊതിച്ചപ്പോള്‍ -
കറുത്ത ബാഗുള്ള ബ്രോക്കറായ്,
ഭാവി സുരക്ഷിതമാക്കാന്‍ -
'ഏജന്ടു'മാരായി,
കാമാക്കൊതി തീര്‍ക്കാന്‍ -
കൂട്ടി കൊടുപ്പ് കാരനായി,
ദൈവാനുഗ്രഹം ലഭിക്കാന്‍
പുരോഹിതരായി...
അറിയാന്‍ ആഗ്രഹിച്ചപ്പോള്‍
അധ്യാപകനായി ...
ഇതില്‍ ആരാണ് -
പ്രത്യുപകാരം പ്രതീക്ഷിക്കാത്ത -
സ്നേഹത്തിന്‍റെ ഗന്ധമുള്ള -
ഇടനിലക്കാരന്‍ ??

ശാസ്ത്ര ചിന്ത

കാലമെത്ര കഴിഞ്ഞിട്ടും ഒറ്റ ഗ്രന്ഥത്തില്‍
അടയിരിക്കുന്നു മത-വിശ്വാസം.
അന്ന് പറഞ്ഞതിനപ്പുറം ഇനി -
ഒന്നുമില്ലെന്ന്‍ പറയുന്നു, ചോദ്യം-
ചെയ്യലിഷ്ടപ്പെടാത്ത 'മത-വിശ്വാസം' 
..................................
ചോദ്യം ചെയ്യപ്പെടാന്‍ കാത്തിരിക്കുന്നു,
എന്നുമെന്നും പുതിയതോതാന്‍
കൊതിക്കുന്ന ശാസ്ത്ര ബോധം.
ദിനം പ്രതി എത്ര ഗ്രന്ഥങ്ങള്‍
ശാസ്ത്രത്തിന്‍റെ സന്തതികളാകുന്നു...
ശാസ്ത്ര ചിന്തയുടെ ഗുണം പേറാതെ
ഒരു ദിനം തള്ളി നീക്കാനൊക്കില്ല എങ്കില്‍
ആ ചിന്തക്ക് നേരെ കണ്ണടപ്പതെന്തിനു നീ...

കണ്ണാടി പ്രതിഷ്ഠ

കണ്ണാടി പ്രതിഷ്ഠ നടത്തി
ആ ഗുരു പറഞ്ഞു :
നീ നിന്നെ കണ്ടെത്തു
ശിഷ്യര്‍ ആ കണ്ണാടിയുടെ 
വെള്ളി മാന്തിയെടുത്ത്
ഗുരുവിന്‍റെ പ്രതിമയില്‍
പൂശി അത് വിഗ്രഹമാക്കി
വെള്ളി നഷ്ടപ്പെട്ട ചില്ലെടുത്ത്
കൂടുണ്ടാക്കി
വിഗ്രഹം
അതിനുള്ളില്‍ പ്രതിഷ്ടിച്ചു..

വാളാണ് തെറ്റ്

കയ്യിലൊരു വാളും പരിചയു മേന്തി ഞാന്‍ 
ശരിതേടി ഉലക യാത്ര ചെയ്തു..
തെറ്റെന്നു കണ്ടതപ്പോള്‍ തടഞ്ഞു ഞാന്‍ 
വാള്‍ കൊണ്ടു വെട്ടി താഴെയിട്ടു .... 
..........................................................
..........................................................
വിശ്വം ജയിച്ചു തിരികെ നടക്കുമ്പോള്‍
കണ്ടു ഞാന്‍ വീഥിയില്‍, ഭീതിയാല്‍ എന്നെ
നോക്കും ഒരായിരം കണ്ണുകള്‍ ....
...........................................................
കലങ്ങിയ കണ്ണുകളെ ന്നോടു ചൊന്നു ....
നിന്‍ നിണം പറ്റിയ വാളാണ് തെറ്റ്!!!!

ഇഹലോക

മുന്‍ജന്മ പാപം പേറി ഞാന്‍
കുരുടനായ്, മുടന്തനായ്,
ഒട്ടിയ വയറിന്‍റെ ഉടമയുമായ്..
പരലോക സ്വര്‍ഗ്ഗം പൂകുവാന്‍ 
കല്ലിലും, മുള്ളിലും, ചവിട്ടി-
നടക്കുന്നു സര്‍വ്വം സഹനായ്..
മുന്‍ജന്മ, പിന്‍ജന്മ, പരലോക
കാലമേ !!! എവിടെ നീ ..
'ഇഹലോക' എനിക്കൊന്ന്‍ കാണുവാന്‍ ???

പ്രണയം

മഴ കൊണ്ടുവന്ന പ്രണയം
.............................
................................
..........................
വെയില്‍ കൊണ്ടുപോയി !!!

ഒരു ജാതി ഒരു മതം ഒരു ദൈവം ഒരാള്‍ക്ക്...

തിരുത്ത്
ഒരു ജാതി ഒരു മതം ഒരു ദൈവം ഒരാള്‍ക്ക്...
നീ നിന്‍റെ ജാതിയെയും, മതത്തെയും, ദൈവത്തെയും ആരാധിച്ചു കൊള്ളുക
ഞാന്‍ എന്‍റെ ജാതിയെയും മതത്തെയും, ദൈവത്തെയും ആരാധിക്കട്ടെ
ചിലപ്പോള്‍ നീ ചിന്തിക്കും എന്‍റെ ദൈവവും നിന്‍റെ ദൈവവും ഒന്നാണെന്ന്
സംശയം വേണ്ടേ.. വേണ്ട അത് ഒന്നല്ല ..
എന്‍റെ ഭാവനയും നിന്‍റെ ഭാവനയും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നോ
അത്രയും അതും വ്യത്യാസപ്പെട്ടിരിക്കുന്നു.
നീ നിന്‍റെ മക്കളോടോ, മാതാപിതാക്കളോടോ, സഹോദരങ്ങളോടോ
സംസാരിച്ചു നോക്കൂ .. അപ്പോള്‍ മനസ്സിലാകും ...
നിന്‍റെ ദൈവവും അവരുടെ ദൈവവും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന്.
പിന്നെ എന്തിന്നാണ് ഈ ഐക്യപ്പെടല്‍ ?????
അത്
ധനികന് അധികാരത്തിനു വേണ്ടിയും ...
ദരിദ്രന് ആശ്വാസത്തിന് വേണ്ടിയുമുള്ളതാണ് ....
ഞാന്‍ പറയുന്നു..
ഓരോരുത്തര്‍ക്കും ഓരോ ദൈവവും, മതവും ആണ് ഉള്ളത് എന്ന്‍ തിരിച്ചറിയുക...
ഞങ്ങളുടെ മതം, ഞങ്ങളുടെ ദൈവം എന്നത് മാറ്റി എന്‍റെ ദൈവം , എന്‍റെ മതം, നിന്‍റെ ദൈവം, നിന്‍റെ മതം എന്നായാല്‍ എന്താണ് കുഴപ്പം.
ഞാന്‍ എന്‍റെ മാത്രം ദൈവത്തോടൊപ്പം....

ഇത് മതത്തിലും, ദൈവത്തിലുമുള്ള പുതിയ സ്വാതത്ര്യം!!!!

Saturday, October 11, 2014

എന്തുണ്ട് ?

സ്വന്തമായ് എന്തുണ്ട് ?

എന്തുണ്ട് സ്വന്തമായ്
കണ്ണുണ്ടോ ? കാതുണ്ടോ?
മൂക്കുണ്ടോ? ത്വക്കുണ്ടോ?
ഉണ്ടെങ്കിലെന്തു നീ കണ്ടു?
എന്തുനീ കേട്ടു ?
മറ്റാരും ഇതുവരെ
കാണാത്തത്, കേള്‍ക്കാത്തത്!
ഉണ്ടെങ്കിലെന്തു നീ അറിഞ്ഞു?
ആരും അറിയാത്ത ഒന്ന്‍!

എന്തുണ്ട് സ്വന്തമായ്
നാവുണ്ടോ? നീളന്‍ -
കയ്യുണ്ടോ? കാലുണ്ടോ?
ഉണ്ടെങ്കിലെന്തു നീ പറഞ്ഞു?
സ്വന്തമായ് എന്ത് നീ ചെയ്തു?
മറ്റാരും പറയാത്തത് !
മറ്റാരും ചെയ്യാത്തത് !

എല്ലാവര്‍ക്കും ഉള്ളത് തന്നെ നിനക്കും !
എല്ലാവരും ചെയ് വത്  തന്നെ നീയും !

സ്വന്തമായ് ഒന്നുമില്ലെന്നറിയാം !
എല്ലാം എല്ലാവര്‍ക്കും വേണ്ടിയാകട്ടെ..... 

Thursday, September 11, 2014

ചിതല്‍ പുറ്റ്


            ചിതല്‍ പുറ്റ് 

പണ്ടൊരു കവി  തപസ്സിരുന്ന്‍
മഹാകാവ്യമെഴുതിയ
ചിതല്‍ പുറ്റ് കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

ഇത്ര പോന്ന ചിതലേ നിയിതെങ്ങനെ
ഇത്ര മഹാ മനോഹര കൊട്ടാരം തീര്‍ക്കുന്നു..
ഞാനറിയുന്നു നിന്‍റെ കൊട്ടാരത്തില്‍
രാജാവും, രാജ്ഞിയും, പട്ടാളക്കാരും,
വേലക്കാരും ഉണ്ടെന്ന കാര്യം...

ഞാനറിയുന്നു നിങ്ങളൊഴിയുമ്പോളീ  കൊട്ടാരം
പാമ്പുകള്‍ക്കിഷ്ടദാനം നല്‍കുന്നുവെന്ന്‍
നമിക്കുന്നു ഞാന്‍ നിന്നെയും, നിന്‍റെ ഗണത്തെയും
നിങ്ങളുടെ മഹാ മനസ്കതയെയും ...



മടി

ആയിരത്താണ്ടുകള്‍ക്കപ്പുറം
വന്നേക്കാവുന്ന ഭവിഷ്യത്തുകള്‍
ഇന്നേ കണ്ടെത്തും നമ്മള്‍

മുന്നിലെ തടസ്സത്തെ മാറ്റുവാന്‍
മുള്ള് മുതല്‍ മിസൈലുവരെ
എടുക്കും, തൊടുക്കും നമ്മള്‍

അന്യരിലെ കളങ്കങ്ങളും
കാണും നമ്മൾ വേഗം
വിളിച്ചു കൂവും അതി വേഗവും

മനസ്സിന്‍റെ പാളിയില്‍ പറ്റി -
പിടിക്കുമൊരു തരി കരടു കാണാന്‍
അറിയാതെ നമ്മള്‍ മറന്നു പോകും..
പുല്‍ നാമ്പെടുത്തതോന്ന്‍ തട്ടി കളയുവാന്‍
വെറുതെ നമ്മള്‍ മടിച്ചിരിക്കും ..


നിഴല്‍



                   നിഴല്‍

നിഴല്‍ ചിലപ്പോള്‍ നിന്‍റെ ശിരസ്സിനെ
അനന്തതയിലേക്ക് നീട്ടും
നിഴല്‍ ചിലപ്പോള്‍ നിന്‍റെശിരസ്സിനെ
സ്വന്തം പാദത്തില്‍ മുട്ടിക്കും
നിഴല്‍ ചിലപ്പോള്‍ നിന്‍റെശിരസ്സിനെ
ശത്രുവിന്‍റെ കാൽക്കൽ എത്തിക്കുന്നു..

ഓര്‍ക്കുക നിന്‍റെ നിഴല്‍
നിനക്ക് സ്വന്തമെങ്കിലും
അതിനു കാരണമാകുന്ന
വെളിച്ചം  അങ്ങനെയല്ലെന്ന്.

Monday, September 8, 2014

പ്രതിക്ഷ


എന്‍റെ ചുരുട്ടിയ കയ്യില്‍ വിലയേറിയ
രത്നത്തെ അവള്‍ പ്രതീക്ഷിച്ചു.....
എന്‍റെ മുഖത്തെ ചുണ്ടുകളില്‍ നിന്നും
ഒരു നല്ല പുഞ്ചിരിക്കായി കാത്തിരുന്നു

നിവര്‍ത്തിയ കയ്യില്‍ തെറ്റിയ വഴിപോലെ
എങ്ങുമെത്താത്ത രേഖകളും,
ചുണ്ടുകളില്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്ന
നിര്‍വികാരതയുടെ സ്ഥായി ഭാവവും
ഞാനവള്‍ക്ക് നല്‍കുമ്പോഴും ...

അവളുടെ കണ്ണുകളില്‍
പ്രതിക്ഷയുടെ തിളക്കം
മാറ്റ് കുറയാതെ ജ്വലിക്കുന്നുണ്ടായിരുന്നു....


Thursday, August 21, 2014

മഹാ 'കല്യാണം'

കഴിക്കാന്‍ കൊതിക്കും
കഴിക്കുമ്പോള്‍ മധുരിക്കും
കഴിയുമ്പോള്‍ ചവര്‍ക്കും,
പുളിക്കും, കയ്ക്കും,
പിന്നെ കലിക്കും,
ഒക്കെ സഹിക്കും
അത് താന്‍
മഹാ 'കല്യാണം'!!!

ചോദ്യത്തിനുത്തരം

കാറ്റിനോടും, കാറിനോടും, 
കടലലയോടും ചോദിച്ചു
പാറി വന്ന പറവയോടും, 
പാടി വന്ന കുയിലിനോടും,
ആടി വന്ന മയിലിനോടും, 
തണല് തന്ന മരുവിനോടും,
കുളിരു തന്ന അരുവിയോടും...
അവസാനം, !!
പൊട്ട കിണറിലെ ജല കണ്ണാടി
ചോദിച്ചു!!
'' നീ നിന്നോട് ചോദിച്ചോ?''!!

 

Wednesday, July 23, 2014

എന്നെ ശരിക്കും പാമ്പ്‌ കടിച്ചു


പെരിയാര്‍ വാലി കനാല്‍ പനിച്ചയം കാരുടെ സൌഭാഗ്യമാണ്. പനിച്ചയം കാരുടെ മാത്രമല്ല അതിന്റെ തീരത്തുള്ള ഓരോ നാട്ടുകാരുടെയും. അതുപോലെ തന്നെ അയല്‍ പ്രദേശത്തുകരുടെ അസൂയയും. ഞാന്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന സമയത്താണ് കനാല്‍ കരയില്‍ താമസം തുടങ്ങുന്നത്.
കനാല്‍ ഞങ്ങള്‍ക്ക് കുളിക്കാനുള്ള ഇടമായിരുന്നു, കളിക്കാനുള്ള മൈതാനമായിരുന്നു(എന്തെല്ലാം കളികള്‍! മുങ്ങികളി, ഉണ്ടകളി, അങ്ങനെ .....) , മീനും, കക്കയും, ഞവണിക്കയും, അങ്ങനെ പലതും ലഭിക്കുന്ന ഇടമായിരുന്നു. എന്തെല്ലാം തരം മീനുകള്‍!. മുഴി, തൂളി, കട് ല, വരാല്‍, ചേര്‍, തുടങ്ങിയ എത്ര ഇനം വലിയ മീനുകള്‍, കുറുവ, പള്ളത്തി, വിവിധ ഇനം പരലുകള്‍(വലെക്കൊടിയന്‍, കണിയാട്ടി, .....), കാരിയും, മണന്തനും, കല്ല്‌മുട്ടിയും, ചില്ലന്‍ കൂരിയും, ആരോനും, കൊഞ്ചും, ചെമ്മീനും അങ്ങനെ എന്തെല്ലാം. ഇന്ന്‍ ഇത്ര മാത്രം ഇനങ്ങളില്‍ അന്ന്‍ കിട്ടിയിരുന്നത്ര അളവില്‍ മത്സ്യമില്ലാതായിരിക്കുന്നു.
മിന്‍ പിടുത്തത്തിനും വിവിധങ്ങളായ രീതികള്‍ ഉണ്ടായിരുന്നു. ചിലര്‍ വീസുവലയാല്‍, ചിലര്‍ തണ്ടാടിയാല്‍, പൊത്തടച്ച് മിഇന്‍ പിടിക്കുന്നവര്‍, പൊത്തില്‍ കമ്പിക്ക് കുത്തി പിടിക്കുനവര്‍, പൊത്തില്‍ വെറും കൈ ഇട്ട് പിടിക്കുന്നവര്‍, പൊത്ത് വളഞ്ഞ് കുമ്മായം കലക്കി പിടിക്കുന്നവര്‍, ചൂണ്ടയിട്ട് പിടിക്കുന്നവര്‍, പായല്‍, കല്ല്‌, തുണികള്‍, എന്നിവയില്‍ തപ്പി പിടിക്കുന്നവര്‍, രാത്രിയില്‍ പെട്രോമാക്സ് വെട്ടത്തില്‍ വാള്‍ കൊണ്ട് വെട്ടി പിടിക്കുന്നവര്‍, അടിച്ചിലും, കൂടും വെച്ച് പിടിക്കുന്നവര്‍ അങ്ങനെ എന്തെല്ലാം തരത്തിലാണ് മിന്‍ പിടുത്തം. ഇതില്‍  സാമൂഹ്യ വിരുദ്ധ ഇനത്തില്‍ പെട്ട രണ്ട് തരം കൂടിയുണ്ട്. വിദ്യുച്ഛക്തി കട്ടെടുത്ത് വിറങ്ങലിപ്പിച്ച് പിടിക്കുന്നതും, കനാലില്‍ വിഷം കലക്കി സമൂലം മത്സ്യത്തെയും കൊന്നൊടുക്കി പിടിക്കുന്നതും. എന്തായാലും എന്‍റെ കൌമാര കാലം 'കനാല്‍' ഞങ്ങള്‍ക്ക് ആഘോഷമായിരുന്നു.
അവധി ദിവസനങ്ങളില്‍ പകല്‍ സമയം പലപ്പോഴും മിന്‍ പിടുത്തത്തിനായി നീക്കിവെക്കും. ആഗോള വല്‍ക്കരണത്തിന്‍റെ സൌഭാഗ്യങ്ങള്‍ കേരളീ യ കൌമാരത്തെ മദിക്കുന്നത്തിനു മുമ്പുള്ള ഒരു ഒരു സായം സന്ധ്യ. സായം സന്ധ്യ നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ? അത് ശ്രദ്ധിച്ചിട്ടുണ്ടോ? അതൊന്നു ശ്രദ്ധിക്കണം, അതൊന്ന്‍ ആസ്വദിക്കണം. ഓരോ ഇടങ്ങളിലും അതിന്റെ ആസ്വാദനം ഓരോ തരത്തിലാണ്!!. മിന്‍ പിടുത്തം അവസാനിപ്പിച്ച് മിന്‍ വൃത്തിയാക്കുന്ന സമയമാണ് എനിക്കന്ന് ആ സായം സന്ധ്യ. കനാല്‍ കരയില്‍ തന്നെ ഇരുന്നാണ് മിന്‍ നന്നാക്കുന്നതും. കടവിലെ കല്ലില്‍ തേച്ച് ഉരുമ്മി കനാല്‍ വെള്ളത്തില്‍ കഴുകി വൃത്തിയാക്കും. പിന്നീട് വീട്ടിലെത്തി ശുദ്ധജലത്തില്‍ കഴുകി കറി വെക്കുന്ന പണി അമ്മക്കുള്ളതാണ്. നിരവധി ചിന്തകളില്‍ മുങ്ങി ആസ്വദിച്ച് ഞാനങ്ങനെ മിന്‍ നന്നാക്കുമ്പോള്‍ കുറെ നേരമായി ഒരു പായല്‍ എന്‍റെ കയ്യില്‍ തടയുന്നു. മിന്‍ വെള്ളത്തില്‍ കഴുകുമ്പോള്‍ ഈ പായല്‍ എന്നെ വല്ലാതെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ഞാന്‍ പായലിനെ മെല്ലെ തട്ടി മാറ്റിക്കൊണ്ടിരുന്നു. എന്നിട്ടും പായല്‍ പോകുന്നേ ഇല്ല.. ഞാന്‍ പാടി..
പോ പായലേ... നീ ...
ശല്യമാകല്ലേ .. പായലെ..
ഇങ്ങനെ മുട്ടി നീ ...
ഇക്കിളിയാക്കല്ലെ പായലെ.....

എന്നിട്ടും പോകാന്‍ തയ്യാറാകാതിരുന്ന പായലിനോട്‌ എനിക്ക് അതിയായ ദേക്ഷ്യം തോന്നി. പായലിനെ വലിച്ച് ദൂരെ എറിയാനാ യി ഞാന്‍ അതിനെ കടന്നു പിടിച്ചു.................................................

എന്തിനു പറയണം വേദനിച്ച നീര്‍ക്കോലി എന്‍റെ കയ്യില്‍ ആഞ്ഞു കൊത്തി, കയ്യിലിരുന്ന്‍ പുളഞ്ഞു, .... പാമ്പിനെ പണ്ടേ പേടിയും, ഒരുതരം അറപ്പും ഉള്ള ഞാന്‍ അറിയാതെ തുള്ളിച്ചാടിപ്പോയി.... എന്‍റെ കൈ തട്ടി മീന്‍ പാത്രം കനാലിലൂടെ ഒഴുകി. കൈ മരവിച്ചത് പോലെ തോന്നി, കൈ വിരലുകള്‍ മടക്കാന്‍ കഴിയാത്തതുപോലൊരു തോന്നല്‍, കൈ ആകമാനം പ്ലാസ്ടര്‍ ഇട്ടതുപോലെ തോന്നി.. ഈ അവസ്ഥയില്‍ നിന്നും മോചിതനാകാന്‍ ഏതാനും മിനിറ്റുകള്‍ തന്നെ വേണ്ടി വന്നു...  (ശിവദാസന്‍ മാഷിന്റെ "വായിച്ചാലും, വായിച്ചാലും തീരാത്ത പുസ്തകം" എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്- നീര്‍ക്കോലി കടിക്കുന്നത് ഒരു കോഴി കൊത്തുന്നത് പോലെ ഉള്ളു എന്ന്‍........ അത് വിശ്വസിക്കുന്ന ഞാന്‍ അന്ന്‍ അത്താഴം കഴിച്ചു.)