എന്റെ ചിന്ത
Wednesday, November 22, 2023
എന്റെ കവിതകൾ
Saturday, November 12, 2022
കാര മുള്ള്
തറച്ചാൽ കട്ട കഴപ്പുള്ളത്
രണ്ടു കയ്യും നിവർത്തി
തറക്കാൻ അനുവാദം നൽകി
കാലുകൾ ഒന്നിന് മീതെ
ഒന്നായി തറക്കാൻ പാകത്തിന്
നെഞ്ച് വിരിഞ്ഞു തയ്യാർ..
തിളച്ച് മറയുന്ന ആ
ഞാനിപ്പോൾ ഓട്ടത്തിലാണ്
ഊരുകൾ ചുറ്റി, ഉലകം ചുറ്റി
ഉലയിൽ ഊതി,
കനലുകൾ വാരി
പൊള്ളുന്ന, തിളച്ചു പൊങ്ങുന്ന
ഒരു പുതിയ ലോകത്തേക്ക്...
Wednesday, November 9, 2022
ഘോരമാക്കുമോ അതോ ചാരമാക്കുമോ?
കരുതും പോലെ ഘോരമല്ല.
ചില നിയമങ്ങൾ പാലിച്ച്
ചിലത് തെറ്റിച്ച്
കുറെ ഇണങ്ങി
പിന്നെ പിണങ്ങി
അങ്ങനെ പോകുന്ന
ഒരു കാട് സുന്ദരമായത്
അവിടേക്ക് ഒരുവൻ
അജ്ഞൻ
അജ്ഞാതി
നിയമം തെറ്റിച്ച്
നിരന്തരം തെറ്റിച്ച്
ഇണക്കമില്ലാതെ
പിണക്കം മാത്രമായി
ഈ കാട് അവൻ ചുട്ട്
ഘോരമാക്കുമോ?
അതോ ഈ കാട് അവനെ
ചുട്ട് ചാരമാക്കുമോ?!
Sunday, October 23, 2022
അതോർത്ത് കരഞ്ഞതും
ചെടിയിൽ നിന്നൊരു
ഇളം പുഷ്പം നുള്ളി
വാസനിച്ച് നിൽക്കുമ്പോഴാണ്
തൊടിയിലെ പ്ലാവിൻ
കൊമ്പിലിരുന്നാ
കാക്കക്കുയിൽ നീട്ടി
പാടിയത് കേട്ടത്.
പാട്ടിന്റെ ലഹരിയിൽ
കയ്യിലെ പൂവിന്റെ
ഇതളുകൾ അടർത്തി
മണത്ത് തീർന്നപ്പോളാണ്
ടീവിയിൽ പ്രണയ നൈരാശ്യ
കൊലപാതക പരമ്പര കണ്ട്
ഞാൻ ഞെട്ടി നിന്നതു-
മതോർത്ത് കരഞ്ഞതും
Thursday, October 13, 2022
കൂട്ടിനു പോരട്ടെ
Thursday, February 17, 2022
ഒരിന്ത്യ പെറ്റ മക്കൾ
മത അടയാളങ്ങളൊക്കെ
മായ്ച്ച്, തേച്ച് എന്റെ ഇന്ത്യ.
വിദ്യാലയങ്ങളിൽ ഇപ്പോൾ
എല്ലാവരും ഒരിന്ത്യ പെറ്റ മക്കൾ
ഹിജാബ് മാറ്റി, സിക്ക് തലപ്പാവും.
കുറി മായ്ച്ചു, കയ്യിലെ ചരടും.
ഒരു പടി കടന്ന് അദ്ധ്യാപകർ
മംഗല്യ തിലകം മായ്ച്ചു
പൊട്ടിച്ചു താലി മാലയും
പിന്നെയാ കുരിശ്, ഏലസ്,
രുദ്രാക്ഷ മാലകളും...
എല്ലാവരും ഒരിന്ത്യ പെറ്റ മക്കൾ.
നാനാത്വത്തിലെ ഏകത്വം മാഞ്ഞു
ഏകത്വത്തിൽ തന്നെ ഏകത്വം.
ഭരണ കേന്ദ്രങ്ങളിലേക്കും
ചുവടു വെച്ചു ഒരിന്ത്യ പെറ്റ മക്കൾ.
മാതൃകയായി മന്ത്രിമാർ,
ജന പ്രതിനിധികൾ...
കുറിയും, ചരടും, തൊപ്പിയും, തലപ്പാവും, കാഷായ വസ്ത്രവും മാറ്റി അവരും.
ഇപ്പോൾ എല്ലാവരും ഒരിന്ത്യ പെറ്റ മക്കൾ.
സ്വപ്നത്തിന്റെ അന്ത്യത്തിൽ തിരിഞ്ഞു നോക്കുമ്പോൾ ചില അടയാളങ്ങൾ മാത്രം അവിടെ അങ്ങനെ നിന്ന് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു.
കയ്യിൽ നുള്ളിയ എനിക്ക് തെറ്റി നുള്ളിന് നല്ല വേദന.
Saturday, May 22, 2021
തോന്ന്യവാസങ്ങൾ
കണ്ണിലെ പീള തുടയ്ക്കും മുമ്പ്
മൊബൈൽ സ്ക്രീനിൽ ഒന്ന് തോണ്ടി നോക്കണം.
രാത്രി വാർത്തകൾ, വർത്തനമാനങ്ങൾ
സമയം കളയാതറിഞ്ഞില്ലേലൊരു ഇതാണ്.
വാർത്തകൾ അറിഞ്ഞാൽ മാത്രം പോരല്ലോ
അറിഞ്ഞതിലും വേഗത്തിൽ അത് പരത്തണം.
അറിയാനും പരത്താനും സോഷ്യൽ മീഡിയയുള്ള
ഈ കാലത്ത് പ്രത്യേക പഠിപ്പൊന്നും വേണ്ടല്ലോ
വാർത്ത പരത്തണ ജേർണലിസ്റ്റാവാൻ.
അല്ലെങ്കിലും ഈ പഠിച്ചോരിലുമിന്നെന്ത് ഭേദം?!
പല വഴിക്ക് കിട്ടണതൊക്കെ ഒരു വഴിക്കാക്കി
കൊടുക്കലല്ലെ ഇന്നെല്ലാവരുടേയും പണി.
ഉറവിടത്തിന്റെ നേര് ചികയാനിന്നാർക്ക് നേരം?
നേരം കളയാതെ പരത്തണം എനിക്കും പത്തെണ്ണം.
എന്റെ മനം കുളിർക്കുന്നതാണെന്റെ നേര്
അതിനപ്പുറം നേര് തേടാൻ എനിക്കുമില്ല നേരം.
നെല്ലും പതിരും തിരിക്കണമെങ്കിൽ
നെല്ലേത്, പതിരേത് കണ്ടാൽ തിരിയണ്ടേ?
എവിടെ നോക്കും, എങ്ങനെ നോക്കും
വിവരങ്ങളുടെ വലയിൽ ഒരേ മീനിന്
പലേ നിറം, പലേ മീനിന് ഒരേ നിറം
ഓ! തല പെരുത്ത് പിരാന്താവും..
എല്ലാവരും തോന്ന്യാവാസം കാട്ടണ ഈ
സോഷ്യൽ മീഡിയാ ഇടത്തിൽ
പത്ത് വാർത്ത പരത്താൻ ഞാനെന്തിന്
എന്റെ തല വെറുതെ പെരുക്കണം.
ഇരിക്കട്ടെ എന്റെ വകയുമീ തോന്ന്യാവാസം.
പിടലിക്കിട്ട് നാല് അടി വീഴുന്നത് വരെ....