Saturday, May 22, 2021

തോന്ന്യവാസങ്ങൾ

 കണ്ണിലെ പീള തുടയ്ക്കും മുമ്പ്

മൊബൈൽ സ്ക്രീനിൽ ഒന്ന് തോണ്ടി നോക്കണം.

രാത്രി വാർത്തകൾ, വർത്തനമാനങ്ങൾ

സമയം കളയാതറിഞ്ഞില്ലേലൊരു ഇതാണ്.

വാർത്തകൾ അറിഞ്ഞാൽ മാത്രം പോരല്ലോ

അറിഞ്ഞതിലും വേഗത്തിൽ അത് പരത്തണം.

അറിയാനും പരത്താനും സോഷ്യൽ മീഡിയയുള്ള

ഈ കാലത്ത് പ്രത്യേക പഠിപ്പൊന്നും വേണ്ടല്ലോ

വാർത്ത പരത്തണ ജേർണലിസ്റ്റാവാൻ.

അല്ലെങ്കിലും ഈ പഠിച്ചോരിലുമിന്നെന്ത് ഭേദം?!

പല വഴിക്ക് കിട്ടണതൊക്കെ ഒരു വഴിക്കാക്കി

കൊടുക്കലല്ലെ ഇന്നെല്ലാവരുടേയും പണി.

ഉറവിടത്തിന്റെ നേര് ചികയാനിന്നാർക്ക് നേരം?

നേരം കളയാതെ പരത്തണം എനിക്കും പത്തെണ്ണം.

എന്റെ മനം കുളിർക്കുന്നതാണെന്റെ നേര്

അതിനപ്പുറം നേര് തേടാൻ എനിക്കുമില്ല നേരം.

നെല്ലും പതിരും തിരിക്കണമെങ്കിൽ

നെല്ലേത്, പതിരേത് കണ്ടാൽ തിരിയണ്ടേ?

എവിടെ നോക്കും, എങ്ങനെ നോക്കും

വിവരങ്ങളുടെ വലയിൽ ഒരേ മീനിന് 

പലേ നിറം, പലേ മീനിന് ഒരേ നിറം

ഓ! തല പെരുത്ത് പിരാന്താവും..

എല്ലാവരും തോന്ന്യാവാസം കാട്ടണ ഈ 

സോഷ്യൽ മീഡിയാ ഇടത്തിൽ 

പത്ത് വാർത്ത പരത്താൻ ഞാനെന്തിന് 

എന്റെ തല വെറുതെ പെരുക്കണം.

ഇരിക്കട്ടെ എന്റെ വകയുമീ തോന്ന്യാവാസം.

പിടലിക്കിട്ട് നാല് അടി വീഴുന്നത് വരെ....