Friday, June 5, 2020

ഈ മണ്ണ് കരിയാതിരിക്കണം


ഈ മണ്ണ് കരിയാതിരിക്കണം ഭൂവിൽ
കിനിയും ഉറവകൾ വറ്റാതിരിക്കണം
നനവുള്ള മണ്ണിലൊരായിരം പൂക്കളിൽ
തേൻ‌തേടിയെത്തുന്ന പറവയെ കാണണം.

കടം കൊണ്ട ഭൂമി തിരികെ നല്കുമ്പോൾ 
ഏറ്റതിലും മികച്ചതാണെന്നുറപ്പാക്കണം 
കടം കൊണ്ടതാണീ മണ്ണെന്നറിയണം  
തിരികെ നല്കണമെന്ന് നാമോർക്കണം 
മണ്ണ് കൂടിക്കുന്ന നീരീ ഭൂവിന്റെ ദാഹം 
തീർക്കുവാനെന്നതും ഓർക്കണം 


ദ്രുത വേഗമോടിയ ലോകം ക്ഷണത്തിൽ
നിശ്ചലമായി കിടപ്പത് ശോകം.
അണുചൊല്ലി ഇന്നിതിന് അണുവല്ല ഹേതു
മർത്ത്യന്റെ ചൂഷണം ഒന്ന് മാത്രം.

ആർത്തി മൂത്തക്ഷികൾ കാണാത്ത ചൂഷകർ
ഈ ലോകം ഇന്നവർക്കേകമെന്നോർത്ത്
വെട്ടിപ്പിടിച്ചും, കുഴിച്ചും, എരിച്ചും
സ്വയമേ പടർത്തും ദുരന്തം ഇതന്തം 

കൊണ്ടും കൊടുത്തുമീ ഭൂവിൽ വസിക്കുന്ന
സൂക്ഷ്മവും, സ്ഥൂലവും ജീവികൾക്കാകെയും
ഇനിയുള്ള ജീവിതം ആശങ്കയാക്കുന്നു
വെട്ടിപ്പിടിച്ചാർത്തി തീർക്കുന്ന മർത്ത്യർ.

ദുരമൂത്തു തീർക്കും ദുരന്ത മുഖങ്ങൾക്ക്
വ്യക്തം സുവ്യക്തം ചൂഷക ഭാവം.
ദുരിതക്കയങ്ങളിൽ, അരികിലായുള്ളവർ
അവരാണ് ഇരകളായ് ഇന്നലെ, ഇന്നും.

അരികിലായ് നിൽക്കുന്നവശരാം വൃദ്ധർ,
ചെറുമക്കൾ, ദീനം പിടിച്ചവർ പിന്നെ
ദാരിദ്ര്യ കുക്ഷികൾ, ശബ്ധമില്ലാത്തവർ
ലാഭക്കണക്കിൽ ഇവർക്കെന്ത് മൂല്യം!?

ഈ മണ്ണ് കരിയാതിരിക്കണം ഭൂവിൽ
കിനിയും ഉറവകൾ വറ്റാതിരിക്കണം
നനവുള്ള മണ്ണിലൊരായിരം പൂക്കളിൽ
തേൻ‌തേടിയെത്തുന്ന പറവയെ കാണണം.

ഭൌമിക സർവ്വവും സമഭവം പേറാൻ
വേണം വിവേകിയാം മർത്ത്യ ഗണം.
സർവ്വം കരുതലായ് ചേർത്തു നിർത്താൻ
വേണം മാനുഷ്യം പേറുന്ന തത്വശാസ്ത്രം.


ബിബിൻ തമ്പി



Wednesday, April 22, 2020

തവളകള്‍ ഐക്യം സിന്ദാബാദ്

(ഈ നൂറ്റാണ്ടിന്റെ ആദ്യ വർഷത്തിൽ (2001ൽ) എഴുതിയ ഒരു കവിതയാണ് ഇത്. ഊത്ത പിടുത്തവും, പെട്രോൾ മാക്സ് ലൈറ്റും, തവളപിടുത്തവും, കോളേജ് ലാബുകളിൽ തവളകളെ കീറിമുറിക്കലും ഒക്കെ അങ്ങനെ സുഗമമായി നടന്ന ഒരു കഴിഞ്ഞ നൂറ്റാണ്ടിലെ വ്യത്യസ്ഥങ്ങളായ അനുഭവങ്ങളിൽ മനം നൊന്തോ അതോ രോഷം കൊണ്ടോ എഴുതിയ ഒരു ചെറു കവിത. 2003 -2004 കാലഘട്ടത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓടക്കാലി യൂണിറ്റിന്റെ നേതൃത്വത്തിൽ “പുതുനാമ്പുകൾ” എന്ന കയ്യെഴുത്തു മാസിക ആരംഭിച്ചപ്പോൾ ആദ്യ ലക്കത്തിൽ പ്രസിദ്ധീകരിച്ച കവിത. വരികളിൽ ചെറിയ മാറ്റങ്ങൾ നന്നിട്ടുണ്ടാകാം മാസിക ഒന്നും തന്നെ അന്നത്തെ സംഘാടകരുടെ കൈവശം ഇല്ല. അഭ്യർത്ഥന: പുതുനാമ്പുകൾ കയ്യെഴുത്ത് മാസികകൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ഒന്ന് തരാമോ? ഒരു കോപ്പി എടുത്ത് തിരിച്ച് നൽകുന്നതായിരിക്കും )

തവളകള്‍ ഐക്യം സിന്ദാബാദ് 

കുരുത്തോല പച്ചില കാട്ടു പൂക്കള്‍
വഴി നീളെ തോരണം നിറയുന്നു
കോളാമ്പി കെട്ടിയുറക്കെ കരയണ
കാറുകളങ്ങിങ്ങു പോകണ് ണ്ട്

മല്ലന്‍ മാക്കാന്‍ സ്മാരക ഹാളിന്‍റെ
മുന്നിലായ് വലിയ കമാനമുണ്ട്
തവളതന്‍ ഒന്നാം ലോക സമ്മേളനം
എന്ന വലിയോരെഴുത്തുമുണ്ട്

തവളക്കിരിക്കാന്‍ കസേരയുണ്ട്
കാറ്റേകു മെന്ത്രം കറങ്ങണ് ണ്ട്
സമ്മേളനത്തിന്‍റെ അന്ത്യമവിടെ
നാടകമൊന്ന്‍ നടപ്പതുണ്ട്

തവളകള്‍ തന്നുടെ റാലിയൊന്ന്‍
നഗരമിളക്കി വരുന്നതുണ്ട്
മുദ്രാവാക്യം മുഴങ്ങണുണ്ട് അത്
നാട് കുലുക്കി മറയ്ക്കണുണ്ട്

മഞ്ഞത്തവള കുഞ്ഞിത്തവള
മാക്കാന്‍ തവള പനിത്തവള
പച്ച ത്തവള പറക്കും തവള
തവളകള്‍ ഐക്യം  സിന്ദാബാദ്

വഴിയെ ഞങ്ങള്‍ പോകുമ്പോള്‍
കണ്ണിനു നേരെ വെട്ടം കാട്ടി
ഞങ്ങടെ മേലെ വണ്ടികള്‍ കേറ്റും
മനുജാ കാലാ മൂരാച്ചി

പെട്രോള്‍ മാക്സിന്‍ വെട്ടം കാട്ടി
ഞങ്ങടെ കണ്ണുകള്‍ കെട്ടീട്ട്
കാലുകള്‍ രണ്ടും വെട്ടിയെടുക്കും
മനുജാ നിന്നെ കണ്ടോളാം

സമ്മേളനത്തിൽ തവള മുഖ്യൻ 
കണ്‌ഠമിടറി മൊഴിഞ്ഞതു കേട്ട്
തവളപ്പരിവാരം മാത്രമല്ലവരുടെ
ശത്രു മനുജനും കണ്ണു നനഞ്ഞു

വിഷമിട്ട് പാടം ഞങ്ങളുപാർക്കാ 
ഇടമാക്കി തീർക്കുന്ന കൂട്ടുകാരാ
നാളെ വിളവ് വിഷമയ മാകുമ്പോൾ 
നിങ്ങളു തനിയെ പഠിച്ചുകൊള്ളും.  

ലാബിലെ മേശയിൽ സൂചി തറച്ചിട്ട്
ഞങ്ങളെ കീറിമുറിക്കുന്ന സാറെ
നിങ്ങളീ ക്രൂരത നിർത്തണമല്ലേൽ
ഞങ്ങളും നിങ്ങളെ ആക്രമിക്കും

പാടങ്ങൾ, തോടുകൾ, തണ്ണീർക്കുളങ്ങൾ,
കാടുപടലങ്ങൾ, പൂമരച്ചോട് 
ഞങ്ങൾക്കും നിങ്ങൾക്കും എല്ലാർക്കുമെന്നാൽ.......
എന്താണ് ഞങ്ങൾക്കുമാത്രമീ ദുരിതം.

കീടമകറ്റുന്ന മിത്രമല്ലേ! ഞങ്ങൾ
കാണാനഴകുള്ള മിത്രമല്ലേ!
കൊല്ലാക്കൊലയതു  നിർത്തിക്കൂടെ?
നിങ്ങൾക്കുമില്ലേ നോവുന്ന ഹൃദയം....

ബിബിൻ തമ്പി






കൊറോണ കരുതലിലെ പോലീസ്
IN LIMBO #11


എഴുതിയത് ബിബിൻ തമ്പി, (സീനിയർ റിസർച്ച് ഓഫീസർ, സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക്&എൻ‌വയൺ‌മെന്റൽ സ്റ്റഡീസ് (CSES), കൊച്ചിE-Mail: bibinthambi@gmail.com (അഭിപ്രായങ്ങൾ വ്യക്തിപരം)