കൊറോണ കരുതലിലെ പോലീസ്
CENTRE FOR SOCIO-ECONOMIC & ENVIRONMENTAL STUDIES, KOCHI·TUESDAY, 21 APRIL 2020·READING TIME: 1 MINUTE
98 reads
IN LIMBO #11
എഴുതിയത് ബിബിൻ തമ്പി, (സീനിയർ റിസർച്ച് ഓഫീസർ, സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക്&എൻവയൺമെന്റൽ സ്റ്റഡീസ് (CSES), കൊച്ചിE-Mail: bibinthambi@gmail.com (അഭിപ്രായങ്ങൾ വ്യക്തിപരം)
കരുതാം കൈ കഴുകാം ഇത് അതി ജീവന സമരം...ഇത് ഏതെങ്കിലും വിപ്ലവ പാർട്ടിയുടെ പടപ്പാട്ടല്ല. കേരള പോലീസ്കൊറോണ കാലത്ത് തയ്യാറാക്കി അവതരിപ്പിച്ച കരുതലിന്റെ വരികളാണ്.ക്രമസമാധാന പാലനത്തിൽ ഊന്നിയിരുന്ന പോലീസ് സേനക്ക് മുന്നിൽ കരുതലിന്റെ ഒരു പുതിയ പാഠം ഈ അടച്ചുപൂട്ടൽ കാലം തുറന്നിരിക്കുകയാണ്. ഒരു “ജനകീയ പോലീസിന്റെ” ഉത്തരവാദിത്തങ്ങൾ വളരെ വലുതാണെന്ന് ഈ കാലം നമ്മളെ ഓർമിപ്പിക്കുന്നു.വീടുകളിൽ നിന്ന് പുറത്തുപോകാൻ സാധിക്കാത്തവർക്ക് ഭക്ഷണവും, മരുന്നും എത്തിച്ച് നൽകിയും, മാസ്ക്ക് നിർമ്മാണം ഏറ്റെടുത്തും, ജയിലുകളിൽ സാനിറ്റൈസർ തയ്യാറാക്കിയും, വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചും തങ്ങളുടെ പുതിയ ഉത്തരവാദിത്തങ്ങളോട് നീതി പുലർത്താൻ പോലീസ് സേന ശ്രമിക്കുകയാണ്. അതിനിടയിലാണ് വഴിയിൽ കൂട്ടംകൂടിയും, വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചും, വ്യാജ വാറ്റും കഞ്ചാവ് കൃഷിയും നടത്തിയും ചിലർ പോലീസിന്റെ ജോലിഭാരം കുറയാതിരിക്കാൻ പരമാവധി ശ്രമിക്കുന്നത്. അത് പ്രതീക്ഷിക്കേണ്ടതുമാണ്. എന്നാൽ ബഹുഭൂരിപക്ഷം കേരള ജനതയും സർക്കാർ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിച്ച് ജീവിക്കുന്നു എന്നത് പോലീസിന് ഏറെ ആശ്വാസം നൽകുന്നുണ്ടാകും.എന്നാൽ ഇതേ കാലത്ത് തന്നെയാണ് പോലീസ് സേനയിലെ ചിലർ നിയമം ലംഘിച്ച് പുറത്തിറങ്ങിയവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തലങ്ങും വിലങ്ങും തല്ലിയോടിച്ചതും, നടു റോട്ടിൽ നിർത്തി ഏത്തമിടീച്ചതും, ആരോഗ്യ പ്രവർത്തകരാണ്, റവന്യൂ ഉദ്യോഗസ്ഥരാണ്, സന്നദ്ധ പ്രവർത്തകരാണ് എന്നൊക്കെ കരഞ്ഞു പറഞ്ഞിട്ടും ദയയില്ലാതെ കേസിൽ കുടുക്കിയതും. പല കളവുകൾ പറഞ്ഞ് നിയമത്തേയും, നിയമപാലകരേയും, സർക്കാർ നിർദ്ദേശങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് ചിലർ ഉണ്ടാക്കുന്ന ജോലി സമ്മർദ്ദമാണ് ഇത്തരം അവസ്ഥകളിലേക്ക് പലപ്പോഴും നയിക്കുന്നതെന്ന് പോലീസിലെ സുഹൃത്തുക്കൾ പറയുന്നു. ഈ നിയമലംഘകർ ക്രിമിനലുകൾ അല്ല എന്നറിഞ്ഞുതന്നെയാണ് പൊതുവെ പെരുമാറുന്നത് എന്നും എന്നാൽ വർദ്ധിച്ച ജോലിസമ്മർദ്ദം ചിലപ്പോഴെങ്കിലും നിയന്ത്രണം വിടാൻ ഇടയാക്കുന്നു എന്നും അവർ കൂട്ടിച്ചേർക്കുന്നു. പോലീസ് സേനക്ക് പരിശീലന സമയം മുതൽ ലഭിക്കുന്ന ഔപചാരികവും, ചിലപ്പോൾ അനൌപചാരികവുമായ ഓറിയന്റേഷനുകളും ഇപ്പോഴും നൂറുശതമാനവും ശുദ്ധീകരിക്കപ്പെടാത്ത ചുരുക്കം സേനാ അംഗങ്ങളും ഇത്തരം പെരുമാറ്റങ്ങൾക്ക് കാരണമാകുന്നു എന്നും നാം അനുമാനിക്കേണ്ടിയിരിക്കുന്നു.ഈ കൊറോണ പേടിയിലെ അടച്ച് പൂട്ടൽ കാലത്ത് പോലീസ് സേനയിലെ ചില സൌഹൃങ്ങളുമായി നടത്തിയ സംസാരങ്ങളാണ് ഈ കുറിപ്പിനാധാരം. കരുതൽ പ്രവർത്തനങ്ങളിൽ തങ്ങളും ഉയർന്ന് പ്രവർത്തിക്കുന്നു എന്ന ആത്മവിശ്വാസത്തിലാണ് അവരെല്ലാം. ഈ കാലത്ത് കൈക്കൊണ്ട പല നടപടികളും തുടർന്ന് കൊണ്ട് പോകാനായാൽ സേനയിൽ മികച്ച മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്നും അവരിൽ പലരും അഭിപ്രായപ്പെടുന്നു.ഈ ദുരിതകാലത്ത് പോലീസിന് പ്രളയകാലത്തെപ്പോലെ അധിക ജോലി ഉള്ളതല്ല പ്രശ്നം. സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന സാഹചര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. കാരണം പോലീസ് സേന ഈ മാരക വൈറസിൽ നിന്നും സുരക്ഷിതമായിരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഈ ചൂട് കൂടിയ അന്തരീക്ഷത്തിൽ മുഖാവരണവും, കയ്യുറകളും ധരിച്ച് ജോലി ചെയ്യുക എന്നത് വളരെ ദുഷ്ക്കരം പിടിച്ച ജോലിയാണെന്ന് പോലീസിലുള്ളവർ തന്നെ പറയുന്നു. നിലവിൽ ലഭ്യമായ മുഖാവരണങ്ങളുടേയും, കൈയുറകളുടേയും ഗുണനിലവാരപ്രശ്നമോ, ഇത്തരം സൌകര്യങ്ങൾ ഉപയോഗിച്ചുള്ള ശീലമില്ലായ്മയോ ആകാം ഇതിന് കാരണം. സൌകര്യം കിട്ടിയാൽ നിയമം ലംഘിക്കാൻ അവസരം പാത്ത് നടക്കുന്ന വിരുതർ ഇത് മനസ്സിലാക്കുന്നത് നന്നായിരിക്കും. പോലീസ് സേനയിൽ ഒരാൾക്ക് വൈറസ് ബാധിച്ചാൽ അത് സമൂഹത്തിൽ വ്യാപിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ സാഹചര്യത്തിലാണ് ആരോഗ്യ മേഖല നിഷ്കർഷിക്കുന്ന പ്രോട്ടോക്കോൾ തകരാതെ സൂക്ഷിക്കുവാൻ പോലീസും അതേ അളവിൽ ജനങ്ങളും പ്രവർത്തിക്കേണ്ടി വരുന്നത്.ഡ്രോണുപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളും അതിൻമേൽ എടുത്ത നടപടികളും പോലീസ് സേനക്ക് പുതിയൊരാത്മവിശ്വാസം നൽകുന്നതായി അവരുടെ തന്നെ വാക്കുകളിൽ തെളിയുന്നുണ്ട്. ഇത്തരം സംവിധാനങ്ങൾ തുടരാൻ കഴിയുകയാണെങ്കിൽ ക്രമസമധാനപാലന രംഗത്ത് കാതലായ മാറ്റം വരുത്താൻ കഴിയുമെന്നും അവർ പറയുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് കള്ളം തെളിവോടെ പിടികൂടുമ്പോൾ പിന്നെ ശുപാർശക്കാരെത്തിയിട്ടും കാര്യമില്ലെന്ന അവസ്ഥയും വരുന്നുണ്ട്. അനാവശ്യമായി പുറത്തിറക്കിയ വാഹനങ്ങൾ പിടിച്ചപ്പോളും, കൂട്ടം കൂടി നിയമ ലംഘനങ്ങൾ നടത്തിയവരെ പിടിക്കുമ്പോഴും അവർക്കായി ശുപാർശകളുടെ പെരുമഴ വരുന്നത് ചെറുതല്ലാത്ത അലോസരവും സമ്മർദ്ദവുമാണ് പോലീസുകാരിൽ ഉണ്ടാക്കിയിട്ടുള്ളത്.‘തുണ’ പോലുള്ള ഓൺലൈൻ പോർട്ടൽ, ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റികൾ തുടങ്ങിയവയൊക്കെ വഴി ഈ ഒരു മാറ്റം മുമ്പേ തുടങ്ങി എന്നത് വിസ്മരിക്കുന്നില്ല. പോലീസ് സേവനം ഓൺലൈനിൽ ലഭിക്കുന്ന തുണ, പൊതുജന സുരക്ഷക്കായി ഉപയോഗിക്കാവുന്ന ‘രക്ഷ’, ‘സിറ്റിസൺ സേഫ്റ്റി’ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ, സി.സി.ടി.എൻ.എസ്. സംവിധാനം, സൈബർ നിരീക്ഷണത്തിനുള്ള ‘സൈബർഡോം’, ഡിജിറ്റൽ ഫോറൻസിക് സംവിധാനങ്ങൾ, ഓഫീസ് സേവനങ്ങളുടെ കമ്പ്യൂട്ടർവത്ക്കരണം, ജില്ലകൾക്കുപ്പെടെയുള്ള ആധുനീക വെബ്‌സൈറ്റുകൾ, ഫൊട്ടോ ആർക്കൈവ് എന്നിങ്ങനെ ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പോലീസ് സേന സാങ്കേതിമായി മുന്നോട്ട് കുതിക്കുകതന്നെയാണ്. എന്നാൽ ഈ സൌകര്യങ്ങൾ പൊതുജനം വേണ്ടത്ര പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടില്ല എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സി.സി.ടി.എൻ.എസ് പോലുള്ള സംവിധാനങ്ങൾ പലസമയത്തും കൃത്യത പാലിക്കാത്തത് പോലുള്ള പ്രശനങ്ങളും നേരിടുന്നതായി പോലീസിലുള്ളവർ പറയുന്നു. പോലീസ് സേനയിൽ ആവശ്യത്തിന് അംഗബലമില്ലാത്തത്, ഉള്ളവരെ ശാസ്ത്രീയമായി ക്രമീകരിക്കുന്നതിലെ അപാകത, സുരക്ഷാ ഉപകരണങ്ങളുടെയും, മറ്റ് അവശ്യ വസ്തുക്കളുടേയും ലഭ്യതക്കുറവ്, ഉള്ളവയുടെ യഥാസമയമുള്ള മെയിന്റനൻസില്ലായ്മ, വാഹന സൌകര്യങ്ങളുടെ അപര്യാപ്തത എന്നിങ്ങനെ പലതും പോലീസിന്റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ പൊതുവേ പോലീസിന് ഉപയോഗപ്പെടുത്താവുന്ന ഫ്ലഡ് ലൈറ്റുകൾ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആവശ്യമാണെന്നിരിക്കേ അത് സബ് ഡിവിഷൻ തലത്തിൽ പോലും ലഭ്യമല്ലത്രെ. പോലീസ് സേനയുടെ നേതൃത്വത്തിൽ ഡ്രോൺ, ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസ്സിയെഷനുകളുടെ സംയുക്ത സംരംഭമായി ‘ഈഗിൾ ഐ’ എന്ന പേരിൽ ഒരുപറ്റം ചെറുപ്പക്കാർ സൌജന്യമായിട്ടാണ് നിലവിൽ ഡ്രോൺ സേവനം നിലവിൽ നൽകിയത്. ഇത് ഇങ്ങനെ അധികനാൾ തുടർന്ന് പോകാൻ കഴിയില്ലല്ലോ.സാമൂഹ്യ അകലം പാലിച്ച് ആയാസം കുറച്ച് കൂടുതൽ തെളിവുകളുടെ സഹായത്തോടെ പ്രതികളെ പിടികൂടുന്നതിന് ഡ്രോൺ, സി.സി. ടിവി കാമറകൾ തുടങ്ങിയ സാങ്കേതിക വിദ്യകൾക്ക് കാര്യമായ സഹായം നൽകാൻ കഴിയും. ചെറിയ ചെറിയ കവലകളിൽ അടക്കം സി.സി. ടിവികൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് പ്രാദേശിക സർക്കാരുകളോട് പോലീസ് ആവശ്യപ്പെടാറുണ്ടെങ്കിലും അത് പലപ്പോഴും നടപ്പിലാകാറില്ല എന്നും, നടപ്പിലാകുന്നവ തന്നെ പലപ്പോഴും വേണ്ട രീതിയിൽ പരിപാലിക്കപ്പെടുന്നില്ല എന്നും പോലീസിന് പരാതിയുണ്ട്. ഇതെല്ലാം മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇത്തരം സാങ്കേതിക വിദ്യകൾക്കൊപ്പം ജിയോഗ്രാഫിക് ഇൻഫൊർമേഷൻ സിസ്റ്റം (ജി.ഐ.എസ്.), ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്.) പോലുള്ള നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനും പോലീസ് സ്റ്റേഷനുകൾക്ക് കഴിയും. ഇതിനായി സങ്കേതിക വിദ്യയും, വിദ്യാപരിജ്ഞാനവും സ്റ്റേഷൻ പരിധിയിൽ വർധിക്കേണ്ടിയിരിക്കുന്നു. പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റിൽ അടക്കം വിവിധ സാങ്കേതിക പരിജ്ഞാനമുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. മാറ്റങ്ങൾ താഴെത്തട്ടിൽ നടക്കുമ്പോഴാണ് സേന കൂടുതൽ മികച്ചതാവുക.പോലീസിന്റെ ഇൻ-സർവ്വീസ് ട്രൈനിംഗ് വർദ്ധിപ്പിക്കുക, ശാരീരിക പരിശീലനങ്ങൾക്ക് പുറമെ പോലീസിന്റെ ദൈന്യംദിന പ്രവർത്തനങ്ങളിലും, വിവിധ നൈപുണ്യങ്ങളിലും പരിശീലനം ഉറപ്പാക്കുക. സാമൂഹ്യബന്ധം ഊഷ്മളമാക്കുന്നതിന് പ്രത്യേക പരിശീലനങ്ങളും, പദ്ധതികളും രൂപപ്പെടുത്തുക. ഈ ദുരന്ത കാലത്ത് സേന ഏറ്റെടുത്തതിന് സമാനമായ കരുതൽ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ നടപ്പിലാക്കുകയും, ജനങ്ങളുമായി കൂടുതൽ നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യുക. അതുവഴി കുറ്റകൃത്യങ്ങളുടെ സാധ്യത കുറക്കുകയും, കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും, അത് തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ പോലീസിനു സാധിക്കുന്നതിനുമുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുക. ഡ്രോണുകൾ, ഫ്ലഡ് ലൈറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ സബ് ഡിവിഷൻ കേന്ദ്രീകരിച്ചെങ്കിലും ലഭ്യമാക്കുകയും അതിനാവശ്യമായ പരിശീലനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക. പോലീസ് ഇതിനോടകം തന്നെ രൂപപ്പെടുത്തിയിട്ടുള്ള നിരവധി സാങ്കേതിക വിദ്യകളും, സൌകര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക, ആ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പൊതുജനത്തെ പ്രാപ്തരാക്കുക. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി പ്രത്യേക പരിപാടികൾക്ക് രൂപം കൊടുക്കുക. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈ ഉറപ്പാക്കുക. എന്നിവയിലൂടെ ഒരു കാര്യക്ഷമമായ പോലീസ് സേനയെ രൂപപ്പെടുത്തിയെടുക്കാൻ കേരളത്തിനാകും.സാങ്കേതിക വിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുക വഴി നിലവിലുള്ള സേനയെ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കുന്നതിന് കേരള പോലീസിനാകും. അതിന് കേരള പോലീസിന് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
No comments:
Post a Comment