Thursday, September 7, 2017

നോക്കു കുത്തി

കളയേറി പ്രാണവായു വറ്റി
മണലൂറ്റിയൂറ്റിയാ നീരു വറ്റി
താണ്‌ താണ് മല ശൂന്യമായി
പുഴ വക്കിലെ 
ചൂണ്ട നോക്കുകുത്തി

Monday, September 4, 2017

കുട്ടിക്കാലത്ത് കൈവിട്ടത്.....

കേരളത്തിന്റെ സാംസ്കാരിക തലത്തെ രണ്ടായിരത്തിന് മുമ്പും പിമ്പും എന്നു രേഖപ്പെടുത്തുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. എന്റെ ഓണാഘോഷങ്ങളും ഏതാണ്ട് അതു പോലെ തന്നെയായിരുന്നു. അത് ആഗോള വത്കരണത്തിന്റെയോ, കമ്പോള വത്കരണത്തിന്റെയോ ഫലമായിരുന്നില്ല. എന്റെ കൗമാരത്തെ യൗവ്വനം ആക്രമിച്ചതിന്റെ ഫലമായിരുന്നു. കാരണം ഇന്നും എന്റെ നാട്ടിലെ സ്വന്തമായി മൊബൈൽ ഫോണില്ലാത്ത കുട്ടികൾ കിട്ടുന്ന ഇടവേളകൾ കാൽ പന്ത് കളിയും മറ്റുമായി തന്നെയാണ് സമയം പോക്കുന്നത്. കളികളിലെ വൈവിധ്യം കുറഞ്ഞു എന്നത് സമ്മതിക്കുന്നു. കിളിത്തട്ട്, ഡോങ്കി, മാടം കെട്ടിക്കളി, സാറ്റെ സീറ്റ്‌, കള്ളനും പോലീസും, പഴയ ചെരുപ്പ്, കപ്പക്കോൽ, കുടക്കമ്പി, എന്നിവയൊക്കെ ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി കളികൾ, ഗോട്ടി(രാശിക്ക) കളി, ഉത്സവപ്പറമ്പിൽ നിന്നു വാങ്ങിയ ലെൻസ്‌, ഫിലിം റോൾ എന്നിവ ഉപയോഗിച്ച് സിനിമ ഓടിക്കൽ, ബൾബിൽ വെള്ളം നിറച്ച് ലെൻസാക്കിയും ഉപയോഗിക്കുന്നു, അങ്ങനെ സാധ്യമായ ശാസ്ത്ര ങ്ങളൊക്കെ കളികളിൽ ലയിപ്പിക്കാറുണ്ടായിരുന്നു ഇതിനെല്ലാം പുറമെ കാൽ പന്തും, ക്രിക്കറ്റും കളികളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് ഈ വൈവിധ്യങ്ങൾ മൊബൈൽ ഗെയിമുകൾ തട്ടിയെടുത്തു എന്നത് ഒരു സത്യം തന്നെയാണ്. വൈവിധ്യങ്ങളായ കളികളുടെ മേളയായി ഞങ്ങൾ വർഷാ വർഷം ഓണാഘോഷങ്ങൾ നടത്തതുന്നത് ആനന്ദകരമായി അനുഭവിക്കുന്നു.
ഇല കുമ്പിളാക്കി അന്ന് പൂക്കളം തീർക്കാൻ പറിച്ചു കൂട്ടിയിരുന്ന പൂക്കളിലും ഉണ്ടായിരുന്നു വൈവിധ്യം. പൂക്കളം തീർക്കാൻ തയ്യാറാക്കുന്ന പൂത്തറകളിൽ വൈവിധ്യം സൃഷ്ടിക്കാൻ കൂട്ടുകാർ തമ്മിൽ മത്സരമായിരുന്നു അക്കാലത്ത്. തുമ്പപ്പൂ, മുക്കുറ്റിപ്പൂ, അപ്പപ്പൂ, തൊട്ടാവാടിപ്പൂ, പല്ലുവേദനപ്പൂ, കാക്കപ്പൂ, വിവിധ ഇനം കൊങ്ങിണിപ്പൂവുകൾ, മത്തൻ,കുമ്പളം, വെള്ളരി എന്നിവയുടെ പൂവുകൾ, വേലിയിൽ വിളയുന്ന ചെമ്പരത്തി അതു തന്നെ എത്ര തരം, കാട്ടിലെ കൃഷ്ണ കിരീടം, പാടത്തും പറമ്പിലും, കാട്ടിലും ഒക്കെയായി അങ്ങനെ എത്ര തരം, അതിനും പുറമെ പൂന്തോട്ടത്തിൽ വളരുന്ന കോസ്മസും, ബോൾസും, ബന്ദിയും, ജമന്ദിയും, മന്ദാരവും എന്നു വേണ്ട എത്ര തരം പൂക്കളായിരുന്നു പൂക്കളങ്ങളെ മോഡിപിടിപ്പിച്ചിരുന്നത്.
ഈ കളികളും, കൂട്ടുകൂടലുകളും, പൂപറിക്കലും എല്ലാം നൽകിയ അനുഭവങ്ങളിലെ വൈവിധ്യവും നിസ്സാരമായിരുന്നില്ല. തികഞ്ഞ മടിയനായത് കൊണ്ടാകാം എഴുതാതെ പോയ ഓർമ്മകളും അനുഭവങ്ങളും എഴുതിയതിന്റെ എത്രയോ ഇരട്ടിയാണ്.
യൗവ്വനമെന്ന കള്ളൻ എന്റെ കുട്ടിത്തം കവർന്നപ്പോൾ ഞാൻ പുതിയ അനുഭവങ്ങളിലേക്ക് ചേക്കേറി. ജീവിതത്തിന്‍റെ ഓരോ സന്ദര്‍ഭങ്ങളിലും താങ്ങായത്, കരുത്തായത് ആ അനുഭവങ്ങളിലെ വൈവിധ്യങ്ങളായിരുന്നു. പഴയ കാല കളികളിലേക്കും, കലകളിലേക്കും തിരികെപ്പോണം എന്നല്ല ബാല-കൗമാര കാല ഘട്ടത്തില്‍ ഉണ്ടാകേണ്ട അനുഭവങ്ങളുടെ വേലിയേറ്റം നടക്കണം എന്നാണ്. അതിന് ആ പ്രായം കൂട്ടിലടക്കപ്പെട്ടതാകരുത്.  ബാല-കൗമാര കാലത്ത് എന്നെ കൂട്ടിലിടാത്ത എന്റെ രക്ഷിതാക്കളും, സ്വീകരിച്ച സമൂഹവും, പ്രകൃതിയുമാണ് എന്റെ മനസ്സിലെ ആരാധനാ രൂപങ്ങൾ. കുട്ടിക്കാലത്ത് കൈവിട്ടത് പിന്നീട് നമുക്കൊരിക്കലും തിരിച്ചെടുക്കാനാകില്ല.... നമുക്കും, നമ്മുടെ കുട്ടികൾക്കും.......

Thursday, June 29, 2017

പ്രകൃതിയിലേക്ക് പോകാം

പോകാം പോകാം മണ്ണ് കാണാൻ
മണ്ണിൽ വളരും ചെടി കാണാൻ
ചെടിയിൽ ചെടിയുടെ കീഴിൽ
പല പല ജീവിതമവിടെ കാണാൻ.  

 

ഇലയിലിരിക്കും പുഴുവൊരു നാളിൽ

പൂമ്പൊടിയുണ്ണും പൂമ്പാറ്റ.

പൂവിനു ചുറ്റും മണ്ടി നടക്കും

വണ്ടൊരു ഗായകനാണിവിടെ.

 

കുഴിയിലിരിക്കും കുഴിയാന

ചിറകു വിരിച്ചാൽ പൂത്തുമ്പി.

സൂക്ഷ്മം നോക്കുകിലറിയാമിവിടം

വലിയൊരു ബംഗ്ലാവാണെന്ന്.

 

ഉറുമ്പൊരു പടയായ് എത്തുന്നു

ചിലന്തികൾ വലയതു കെട്ടുന്നു

തക്കം പാർത്തവിടൊത്തിരി

ജീവികളങ്ങനെയിങ്ങനെ കൂടുന്നു.

 

ചെടിയിൽ വിരിയും പൂവിന് ചുറ്റും
പാറുന്നുണ്ടൊരു പൂങ്കുരുവി
പൂവ് കോഴിഞ്ഞു കായായ് പഴമായ്‌

പഴമത് തിന്നാനാരൊക്കെ?

 

പാഞ്ഞു നടക്കും വവ്വാലും,

പൂവാലുള്ളൊരു അണ്ണാനും

അങ്ങനെ പലരും പലവിധമെത്തി

വയറു നിറച്ചേ പോകുന്നു.

 

പോകാം പോകാം മണ്ണ് കാണാൻ

മണ്ണിൽ വളരും ചെടികാണാൻ

കായും, പഴവും തിന്നാനുള്ളിൽ  

മോഹമുദിക്കുന്നെണ്ടെന്നാൽ 

 

ഒന്നായ് ചേർന്നിട്ടൊരുമനമായി

മണ്ണിൽ പണിയത് ചെയ്യേണം

മണ്ണിനെയറിയാൻ പശിയത് മാറ്റാൻ

മണ്ണായ് മാറാൻ പോന്നോളൂ....

Friday, June 23, 2017

പള്ളിക്കൂട തിരു മുറ്റത്ത്


പള്ളിക്കൂട തിരു മുറ്റത്ത്
തുള്ളിച്ചാടി നടക്കും ഞങ്ങള്‍
ഉള്ളില്‍ വര്‍ണ്ണ ചിറകുള്ള
കുട്ടി കൂട്ടങ്ങള്‍

അടി പാടി പറയും കഥകള്‍
കൂട്ടു കൂടി കളിയാടും ഞങ്ങള്‍
ഈ ആലയ തിരു മുറ്റത്ത്
അറിവിന്‍റെ ചെപ്പ് തുറക്കും

മലയാളം എന്നമ്മ ...
മറുഭാഷകള്‍ മിത്രങ്ങള്‍
ഗണിതത്തിന്‍ സൂത്രങ്ങള്‍
ശാസ്ത്രത്തിന്‍ ജാലങ്ങള്‍

സാമൂഹ്യം നന്മക്കായ്
കളിചിരികള്‍ മേന്മക്കായ്
അറിവിന്‍റെ ചെപ്പു തുറന്നത്
നേരിന്‍റെ നേര്‍വഴി കാട്ടാൻ

മാനത്തെ കാര്‍മേഘം
ഈ ആലയ തിരു മുറ്റത്ത്
മഴയായി പൂ മഴയായി
അറിവിന്‍റെ തേന്മഴയായി

കാര്‍മേഘം മായുമ്പോള്‍
ആകാശം തെളിയും പോല്‍
അറിവിന്‍റെ പുതുമഴ കൊണ്ടീ
ചെറു മനവും തെളിയുന്നു...



Sunday, January 22, 2017

നാളെ ഈ നാട് നമുക്ക് വേണം

വനമുണ്ട്, മരമുണ്ട് തണുവുള്ള പുലരിയിൽ
മധുരമായ് കിളികളുടെ നാദമുണ്ട് 
വിഷം തീണ്ടി വാടാത്ത വായുവുണ്ട്
പിന്നെ പൊന്നു വിളയണ  മണ്ണുമുണ്ട്.

പൂർവ്വികർ കാത്ത് കൈമാറിയയീമണ്ണ്‍
നെഞ്ചോട് ചേർത്ത് പ്രണയിച്ചിടാം
കാത്ത് സൂക്ഷിച്ചതു  മാറണം തലമുറ
ഇന്നിതു കടമയായ് ഏറ്റെടുക്കാം

ഹരിതങ്ങളിടതിങ്ങി നിൽക്കുമീ നാടിന്റെ
നന്മ കരിക്കുവാനെത്തിയവര്‍
മണ്ണിലും, മണ്ണിന്റെ നീരിലും, വിളവിലും
ഒരുപിടി പാഷാണം ചേർത്തു വച്ചു.

ഇന്നലെ വന്നൊരാ  വിഷശാല തിന്നുന്നു
പൊന്നു വിളഞ്ഞൊരാ പാടമെല്ലാം
പരലുകൾക്കൊപ്പമീ നാട്ടിലെ കുട്ടികൾ
നീന്തിത്തുടിച്ച കൈത്തോടുമൊപ്പം.

നരകമായ് നഗരങ്ങളോരോ ദിനത്തിലും
വലുതായി വലുതായി മാറിടുമ്പോൾ
പച്ചതുരുത്തായി ഒരു ഗ്രാമമിവിടെ
സ്വർഗ്ഗമായ് നില്പത്തിലെന്തു ചേതം?

ഉള്ളിൽ കലർപ്പില്ലാ കൂട്ടുകാരെ
ലവലേശം ഭയം വേണ്ട കൂട്ടുകാരേ
ഹരിതമാം നമ്മുടെ ഭൂമിയെ നമ്മൾക്ക്
മിഴിയൊന്നു പൂട്ടാതെ കാത്തു നിർത്താം.

നാളെ വേണ്ട നമുക്കിന്ന് ചേരാം
നാടു കാക്കാം നമുക്കൊത്ത് ചേർന്ന്
നാദമാകാം നമുക്കൊന്നു പോലെ
നാളെ ഈ നാടു നമുക്ക് വേണം...