Friday, June 5, 2020

ഈ മണ്ണ് കരിയാതിരിക്കണം


ഈ മണ്ണ് കരിയാതിരിക്കണം ഭൂവിൽ
കിനിയും ഉറവകൾ വറ്റാതിരിക്കണം
നനവുള്ള മണ്ണിലൊരായിരം പൂക്കളിൽ
തേൻ‌തേടിയെത്തുന്ന പറവയെ കാണണം.

കടം കൊണ്ട ഭൂമി തിരികെ നല്കുമ്പോൾ 
ഏറ്റതിലും മികച്ചതാണെന്നുറപ്പാക്കണം 
കടം കൊണ്ടതാണീ മണ്ണെന്നറിയണം  
തിരികെ നല്കണമെന്ന് നാമോർക്കണം 
മണ്ണ് കൂടിക്കുന്ന നീരീ ഭൂവിന്റെ ദാഹം 
തീർക്കുവാനെന്നതും ഓർക്കണം 


ദ്രുത വേഗമോടിയ ലോകം ക്ഷണത്തിൽ
നിശ്ചലമായി കിടപ്പത് ശോകം.
അണുചൊല്ലി ഇന്നിതിന് അണുവല്ല ഹേതു
മർത്ത്യന്റെ ചൂഷണം ഒന്ന് മാത്രം.

ആർത്തി മൂത്തക്ഷികൾ കാണാത്ത ചൂഷകർ
ഈ ലോകം ഇന്നവർക്കേകമെന്നോർത്ത്
വെട്ടിപ്പിടിച്ചും, കുഴിച്ചും, എരിച്ചും
സ്വയമേ പടർത്തും ദുരന്തം ഇതന്തം 

കൊണ്ടും കൊടുത്തുമീ ഭൂവിൽ വസിക്കുന്ന
സൂക്ഷ്മവും, സ്ഥൂലവും ജീവികൾക്കാകെയും
ഇനിയുള്ള ജീവിതം ആശങ്കയാക്കുന്നു
വെട്ടിപ്പിടിച്ചാർത്തി തീർക്കുന്ന മർത്ത്യർ.

ദുരമൂത്തു തീർക്കും ദുരന്ത മുഖങ്ങൾക്ക്
വ്യക്തം സുവ്യക്തം ചൂഷക ഭാവം.
ദുരിതക്കയങ്ങളിൽ, അരികിലായുള്ളവർ
അവരാണ് ഇരകളായ് ഇന്നലെ, ഇന്നും.

അരികിലായ് നിൽക്കുന്നവശരാം വൃദ്ധർ,
ചെറുമക്കൾ, ദീനം പിടിച്ചവർ പിന്നെ
ദാരിദ്ര്യ കുക്ഷികൾ, ശബ്ധമില്ലാത്തവർ
ലാഭക്കണക്കിൽ ഇവർക്കെന്ത് മൂല്യം!?

ഈ മണ്ണ് കരിയാതിരിക്കണം ഭൂവിൽ
കിനിയും ഉറവകൾ വറ്റാതിരിക്കണം
നനവുള്ള മണ്ണിലൊരായിരം പൂക്കളിൽ
തേൻ‌തേടിയെത്തുന്ന പറവയെ കാണണം.

ഭൌമിക സർവ്വവും സമഭവം പേറാൻ
വേണം വിവേകിയാം മർത്ത്യ ഗണം.
സർവ്വം കരുതലായ് ചേർത്തു നിർത്താൻ
വേണം മാനുഷ്യം പേറുന്ന തത്വശാസ്ത്രം.


ബിബിൻ തമ്പി