Saturday, November 21, 2015

എന്‍റെ -മതം+ജാതി+ദൈവം???പിന്നെ സഹിഷ്ണുതയും...


എന്‍റെ -മതം+ജാതി+ദൈവം???
പിന്നെ സഹിഷ്ണുതയും...


നിന്‍റെ ശരിയും
എന്‍റെ ശരിയും
ഒന്നല്ലെങ്കില്‍ പിന്നെങ്ങനെയാണ്
നമ്മുടെ ദൈവം ഒന്നാകുന്നത് ?

നിന്‍റെ ആഗ്രഹങ്ങളും
എന്‍റെ ആഗ്രഹങ്ങളും
ഒന്നല്ലാത്തിടത്തോളം
എങ്ങനെയാണ്
എന്‍റെ മതവും
നിന്‍റെ മതവും ഒന്നാകുന്നത്??

ഞാനും, നീയും
ഒരുപോലിരിക്കാത്തിടത്തോളം
എങ്ങനെയാണ്
നമ്മുടെ ജാതികള്‍ ഒന്നാകുന്നത് ??

ഒന്നും മറ്റൊന്ന് പോലല്ലാത്ത
ഈ ലോകത്ത്
ഞാന്‍ നിന്നോടും
നീ എന്നോടും കാണിക്കുന്ന
സഹിഷ്ണുതയാണ്
ലോക സമാധാനം ...

അത് തകര്‍ന്നാല്‍ ... !!??
പിന്നെ എനിക്കും നിനക്കും
സമാധാനിക്കാന്‍ ഇവിടെ
ഒന്നും അവശേഷിക്കില്ല!!!

Monday, November 9, 2015

വിവാഹം

വിവാഹം

പ്രണയത്തിനേല്‍ക്കുന്ന ദുരന്തമാണ്
വിവാഹം ......

ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും
വലിയ സമ്മാനവുമാണ് വിവാഹം..



Monday, May 18, 2015

സീത

സീത 
ലക്ഷ്മണ രേഖ -
മറികടക്കാതിരുന്നെങ്കിൽ
സീതയുടെ മഹത്വം നാംഅറിയുമായിരുന്നോ?

സീത ലക്ഷ്മണ രേഖ
താണ്ടീത് കൊണ്ടല്ലെ ഈ -
പൊല്ലാപ്പെല്ലാമുണ്ടായത്
എന്നാരും പറയാറില്ലല്ലോ?
ആൺ മനസ്സുകളുടെ
തടവറയിൽ നിന്നും
മോചിതയാകാൻ
ലോക സ്ത്രീകളോട്
ആദ്യം ആഹ്വാനം
ചെയ്തത് സീതയായിരിക്കും!!
ലക്ഷ്മണ രേഖ താണ്ടി
ആ തൻ്റേടം ആദ്യമായ്
കാണിച്ചതും സീതയായിരിക്കും...!!
ബിബിൻ തമ്പി

Friday, April 17, 2015

കനൽ

                                                                    കനല്‍


ഒന്ന്‍ ഊതിയില്ലെങ്കില്‍
അങ്ങനെ കിടന്ന്‍ കരിയാകും....
ഊതിയാല്‍ അത് ജ്വലിക്കും,
നാളമാകും, കത്തിച്ച് ചാരമാക്കും..
ഒരു തരി കനല്‍ കാത്തിരിപ്പുണ്ട്
എന്നിലും, നിന്നിലും ഒരൂത്തു കാത്ത്..
പുറത്തല്ല അകത്ത് ...
ഹൃദയത്തിന്‍റെ അകത്ത്....

Friday, January 16, 2015

അമ്മ

അമ്മ

നിന്നോള മാകില്ല ഞാനെങ്കിലും
എന്നോള മാകുന്നത് ചെയ്തിടാം ഞാന്‍
നിന്നമ്മയെ മതിതീരുവോളം ഞാന്‍
'അമ്മേ' എന്നൊന്ന്  വിളിച്ചോട്ടെ മിത്രമേ?..

ഒരു കുഞ്ഞിനു  വേണ്ടി കാത്തിരുന്നപ്പോഴേ
ഈ അമ്മയില്‍ ഒരമ്മമനസ്സ് ജനിച്ചുകാണും

ഉദരത്തില്‍ നീയന്നു പിറവിയെടുത്തപ്പോഴേ
നിന്നമ്മയില്‍ ഒരമ്മ ഉണര്‍ന്നെണീറ്റിരുന്നു.
നിനക്കായ് നിന്നമ്മയന്നേ എത്ര
നൊന്ത് കരഞ്ഞിരിക്കുന്നു.

നിന്നെ നീയാക്കുമ്പോള്‍, നിന്നമ്മ
എത്ര സ്വപ്നങ്ങള്‍ നിനക്കായ് നെയ്തെടുത്തു.
സ്വപ്നത്തിലെ രാജകുമാരനായ് നീ
വളര്‍ന്നപ്പോളെത്ര അഭിമാന പൂരിതയായിരുന്നു..

ഒരു മകന്‍ പിറന്നപ്പോള്‍
പാല്‍ നല്‍കി പരിപാലിച്ചു
പറയാനും, പറക്കാനും,
പഠിക്കാനും പഠിപ്പിച്ചു..

മകന്‍ വളര്‍ന്നപ്പോഴും
മകനെ, 'മകനേ' എന്ന് വിളിച്ചു
മകനെക്കുറിച്ച് അകുലയായി
മകനെ 'താനായ്' കണ്ടു

മകന്‍ വിവാഹിതനായി
മരുമകളെ മകളായ് കണ്ടു
അവരുടെ ഇഷ്ടാനുഷ്ടാനങ്ങളെ
അവരുടെ അവകാശമായ് കണ്ടു

ചെറു കിടാവിനെ നല്‍കി മകന്‍
അകാലത്തിന്‍  പിരിഞ്ഞപ്പോള്‍
മകളെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു
മകളെ "നീ എന്‍റെ മകളാണ്" ..

പിന്നെ ആ അമ്മ ആ മകളെ
പറയാനും, പറക്കാനും,
പഠിക്കാനും പിന്നെ
ജീവിക്കാനും പഠിപ്പിച്ചു..

ആ അമ്മ ഇപ്പോള്‍ ഒരു
മകനെ തെരയുകയാണ്
തന്‍റെ മകള്‍ക്ക് ഒരു കൂട്ടിന്
ചെറുമകന് തുണയാകാന്‍

ഈ അമ്മയെ 'അമ്മേ' എന്ന്‍
വിളിക്കാന്‍ കൊതിയാകുന്നു.
എത്ര വിളിച്ചിട്ടും മതിയകുന്നില്ല
അമ്മേ ഞാന്‍ നമിക്കട്ടെ അങ്ങയെ

എന്‍റെ പ്രിയ മിത്രമേ
നിന്‍റെ അമ്മ ഇപ്പോള്‍
എന്‍റെ അമ്മയാണ്
ഒത്തിരി പേരുടെ മാതൃകാ
അമ്മയാണ് .......

അഭിമാനിക്കാന്‍ നീ ഇന്നില്ല
അഭിമാനിക്കുന്നു ഞാന്‍
ഈ അമ്മക്ക് പിറന്ന നിന്‍റെ
മിത്രമാകാന്‍ കഴിഞ്ഞതില്‍ ...

നിന്നോള മാകില്ല ഞാനെന്നറിയാമെങ്കിലും
എന്നോള മാകുന്നത് ചെയ്തിടാം ഞാന്‍
നിന്നമ്മയെ മതിതീരുവോളം ഞാന്‍
'അമ്മേ' എന്ന് വിളിച്ചോട്ടെ മിത്രമേ?..





കറുപ്പ്

കറുപ്പ് , ദുഃഖത്തിന്‍റെ നിറമാണത്രെ!!
എന്നിട്ടെന്ത്യെ തലയിലെ കറുപ്പ് -
മാഞ്ഞ് സമാധാനത്തിന്‍റെ വെളുപ്പ് 
കണ്ടു തുടങ്ങുമ്പോള്‍..
മനസ്സിലെ സമാധാനം തകര്‍ന്നടിയുന്നത്!!??