വൃക്ഷ സമ്പത്തില്‍ മുന്നില്‍
Thursday Jun 2, 2016
മരങ്ങളുടെ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മുന്നില്‍. 2015ല്‍ പുറത്തിറങ്ങിയ 'ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട്' പ്രകാരം മരവ്യാപ്തത്തിലും കേരളം മുന്നിലാണുള്ളത്. വൃക്ഷാവരണത്തില്‍ വൃക്ഷം എത്ര പ്രദേശം ആവരണംചെയ്തിരിക്കുന്നു എന്നാണ് കണക്കാക്കുന്നതെങ്കില്‍ ഇവിടെ മരത്തിന്റെ തരം, വ്യാപ്തി, തടിയുടെ വലുപ്പം എന്നിവ അളന്ന് വ്യാപ്തമാണ് കണ്ടെത്തുന്നത്. ഇതിനെ ഗ്രോവിങ് സ്റ്റോക്ക് എന്നാണ് പറയുന്നത്. ഒരു പ്രദേശത്തെ മരസമ്പത്തും ജൈവൈവിധ്യവും മനസ്സിലാക്കുന്നതിന് ഈ അളവ് സഹായിക്കും. വനപരിപാലകരെയും ആസൂത്രകരെയും സംബന്ധിച്ചിടത്തോളം ഈ അറിവ് വളരെ പ്രധാനപ്പെട്ടതാണ്.
കേരളത്തിലെ വനാതിര്‍ത്തിക്കകത്ത് ഒരുചതുരശ്ര കിലോമീറ്ററിലുള്ള മരങ്ങളുടെ ഗ്രോവിങ് സ്റ്റോക്ക് 13705 ഘന മീറ്ററും, വനാതിര്‍ത്തിക്കു പുറത്തുള്ളത് 1781 ഘന മീറ്ററും ആണ്്. സംസ്ഥാനത്തിന്റെ ആകെ വിസ്തൃതി കണക്കാക്കിയാല്‍ ഇത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2925 ഘന മീറ്ററാണ്. ദേശീയതലത്തില്‍ വനാതിര്‍ത്തിക്കകത്ത് 5823 ഘനമീറ്ററും, വനാതിര്‍ത്തിക്കു പുറത്ത് 1089 ഘന മീറ്ററുമാണുള്ളത്. അതായത് വനാതിര്‍ത്തിക്ക് പുറത്തുമുള്ള ഗ്രോവിങ് സ്റ്റോക്ക് ദേശീയ അനുപാതത്തെക്കാള്‍ ഒന്നര ഇരട്ടിയും വനാതിര്‍ത്തിക്കകത്ത് ഇത് രണ്ടര ഇരട്ടിയുമാണ് കേരളത്തില്‍. ആകെ ഭൂവിസ്തൃതി പരിശോധിക്കുമ്പോള്‍ കേരളത്തേക്കാള്‍ മികച്ച ഗ്രോവിങ് സ്റ്റോക്ക് ഉള്ളത് ഉത്തരാഖണ്ഡ് (8606 ഘന മീറ്റര്‍), ഹിമാചല്‍പ്രദേശ് (6082 ഘന മീറ്റര്‍), അരുണാചല്‍പ്രദേശ് (5997 ഘന മീറ്റര്‍) എന്നീ സംസ്ഥാനങ്ങളിലാണ്. വനാതിര്‍ത്തിക്കുള്ളിലുള്ള ഗ്രോവിങ് സ്റ്റോക്കിന്റെ അനുപാതം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വനാതിര്‍ത്തിക്കു പുറത്ത് കേരളത്തേക്കാള്‍ മുന്നില്‍ മിസോറം (3163 ഘന മീറ്റര്‍), അരുണാചല്‍പ്രദേശ് (2756 ഘനമീറ്റര്‍), മണിപ്പുര്‍ (2705 ഘനമീറ്റര്‍) എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഇതില്‍ മിസോറമിലെയും അരുണാചല്‍പ്രദേശിലെയും വനാതിര്‍ത്തിക്ക് പുറത്തുള്ള വൃക്ഷവ്യാപ്തം കേരളത്തിന്റേതിനെക്കാള്‍ ഒന്നര ഇരട്ടിയിലധികമാണ്.
തയ്യാറാക്കിയത്:
ബിബിന്‍ തമ്പി
സെന്റര്‍ ഫോര്‍ സോഷ്യോ– ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി–24
സെന്റര്‍ ഫോര്‍ സോഷ്യോ– ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി–24
Read more: http://www.deshabhimani.com/index.php/special/news-special-02-06-2016/565051

No comments:
Post a Comment